പലായന വിവാദം: ഷംലിയില്‍ നിരോധനാജ്ഞ

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ കൈരാന കുടിയേറ്റ വിവാദം സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങിയതോടെ ഷംലി ജില്ലയില്‍ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൈരാനയുടെ അതിര്‍ത്തികള്‍ അടച്ചു. കൈരാനയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി എംഎല്‍എ സംഗീത് സോമിനെയും അനുയായികളെയും പോലിസ് തടഞ്ഞു. സോമിന്റെ സര്‍ദാനയിലെ വസതിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. കൈരാനയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് സോമിന്റെ മാര്‍ച്ച് തടഞ്ഞതെന്ന് മീററ്റ് ജില്ലാ കലക്ടര്‍ പങ്കജ് യാദവ് അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അതുല്‍ പ്രധാന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയും അധികൃതര്‍ തടഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ജില്ലയില്‍ വന്‍ രക്ഷാസന്നാഹം ഒരുക്കിയിട്ടുണ്ട്.
കൈരാന പട്ടണമടക്കം ഷംലി ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുജിത് കുമാര്‍ അറിയിച്ചു. മാര്‍ച്ചോ യാത്രയോ നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൈരാനയിലേക്കുള്ള എല്ലാ കവാടങ്ങളും അടച്ചു.
ഇവിടങ്ങളില്‍ അര്‍ധസേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. നിരോധനാജ്ഞ നിലവില്‍ വന്നതിനെ തുടര്‍ന്ന് തന്റെ 'നിര്‍ഭയ്'റാലി നീട്ടിവച്ചതായി സംഗീത് സോം അറിയിച്ചു. കുടിയേറിയവരെ കൈരാനയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. മറിച്ചാണെങ്കില്‍ തങ്ങള്‍ തെരുവിലിറങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അതേസമയം, സംഗീത് സോം 2013ലെ മുസഫര്‍ നഗര്‍ കലാപക്കേസ് പ്രതിയാണെന്നും അദ്ദേഹത്തിന്റെ ദുരുദ്ദേശ്യങ്ങളെ തടയാന്‍ വേണ്ടിയാണ് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സദ്ഭാവനാ റാലി നടത്താന്‍ ശ്രമിച്ചതെന്നും അതുല്‍ പ്രധാന്‍ പറഞ്ഞു. കൈരാനയില്‍ നിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി എന്ന് ബിജെപി എംപി ഹുക്കും സിങ് ആരോപിച്ചിരുന്നു. കുടുംബങ്ങളുടെ പട്ടികയും അദ്ദേഹം പുറത്തുവിട്ടു. പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. ഹിന്ദുക്കള്‍ കുടിയേറിയത് വര്‍ഗീയ കാരണങ്ങളാലല്ലെന്നും ക്രമസമാധാനപ്രശ്‌നം മൂലമാണെന്നുമാണ് സിങ് പിന്നീടു പറഞ്ഞത്.
അഞ്ച് പാര്‍ട്ടികളുടെ നേതാക്കളടങ്ങിയ പ്രതിനിധി സംഘം വ്യാഴാഴ്ച കൈരാന പട്ടണം സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it