പലായനത്തിന്റെ കാലത്തെ മുഹര്‍റം

ഒ  ഇംതിഹാന്‍  അബ്ദുല്ല

രു മുഹര്‍റം കൂടി സമാഗതമായി. ഹിജ്‌റാബ്ദത്തിലെ പുതുവര്‍ഷം. ഹിജ്‌റാബ്ദത്തിലെ ഓരോ പുതുവര്‍ഷപ്പിറവിയും ചരിത്രത്തിന്റെ ഗതിവിഗതികളെ അപ്പാടെ മാറ്റിമറിച്ച ഒരു മഹാപലായനത്തിന്റെയും അഭയദാനത്തിന്റെയും വാര്‍ഷികം കൂടിയാണ്.  സ്ത്രീകളുടെ മാനവും അന്തസ്സും പിച്ചിച്ചീന്തി എറിയപ്പെട്ടിരുന്ന, അനാഥകളുടെ സമ്പത്ത് അപഹരിക്കപ്പെട്ടിരുന്ന, കൈയൂക്കുള്ളവന്റെ തിണ്ണമിടുക്കിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥ, അതിനെല്ലാം പാരമ്പര്യത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പുകമറ സൃഷ്ടിക്കുന്ന വിശ്വാസചൂഷണം- ഇതിനെതിരേ നീക്കുപോക്കുകളില്ലാതെ സമരം ചെയ്തതിന്റെ പേരില്‍ ജന്മനാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നതിന്റെയും അവര്‍ക്ക് ചരിത്രത്തില്‍ തുല്യതയില്ലാത്ത അഭയവും നാടിന്റെ നിയന്ത്രണാധികാരവും നല്‍കിയ സംഭവത്തിന്റെ ഓര്‍മപ്പെരുന്നാള്‍.

മാനവികതയുടെ സന്ദേശം പ്രചരിപ്പിച്ച പ്രവാചകന്‍ നാല്‍പ്പതാം വയസ്സില്‍ തന്റെ ദൗത്യനിര്‍വഹണത്തിനു നിയുക്തനാവുന്നതുവരെ മക്കാനിവാസികളുടെ വിശ്വസ്തനായ സുഹൃത്തായിരുന്നു. രക്തച്ചൊരിച്ചിലിന്റെ വക്കിലെത്തിയിരുന്ന തര്‍ക്കങ്ങള്‍ പ്രവാചകന്‍ തന്റെ അനന്യസാധാരണമായ നയതന്ത്രജ്ഞത കൊണ്ട് പരിഹരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നീതിബോധത്തെ അവര്‍ സര്‍വാത്മനാ അംഗീകരിച്ചിരുന്നു. എന്നാല്‍, അന്ധകാരയുഗത്തില്‍ ദൈവപ്രോക്തമായ ഒരു പ്രകാശത്താല്‍ പ്രചോദിതനായി പ്രവാചകന്‍ തന്റെ ചുറ്റുപാടിലേക്ക് വെളിച്ചം പരത്താന്‍ ശ്രമിച്ചപ്പോള്‍ അത് ഇരുട്ടിന്റെ ശക്തികള്‍ക്ക് അസഹ്യമായി.  മക്കയിലെ അടിമകളും അഗതികളും അനാഥരുമടങ്ങുന്ന പാര്‍ശ്വവല്‍കൃത സമൂഹം പ്രവാചകനു കീഴില്‍ അണിനിരന്നു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കിയ മേലാളവര്‍ഗത്തിന് അടങ്ങിയിരിക്കാനായില്ല.

കൊടിയ മര്‍ദ്ദനത്തിന്റെയും പീഡനങ്ങളുടെയും മാര്‍ഗം. മര്‍ദ്ദനങ്ങള്‍ ഇരുമ്പുലയിലെ തീ പോലെ വിശ്വാസദൃഢീകരണത്തിനാണ് ഉതകിയത്. പക്ഷേ, ചൂഷണമുക്തമായ ഒരു വ്യവസ്ഥിതിയുടെ അതിജീവനത്തിനു വേണ്ടി അറബികളോടും അനറബികളോടും ഒരുപോലെ പോരാടാന്‍ നിയോഗിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിന് തല്‍ക്കാലത്തേക്കെങ്കിലും മക്ക ഊഷരഭൂമിയാണെന്നു പ്രവാചകനും അനുയായികളും തിരിച്ചറിഞ്ഞു. മക്കയുടെ സമീപപ്രദേശമായ ത്വാഇഫിലേക്കായിരുന്നു പിന്നീട് നോട്ടം. എന്നാല്‍, സസ്യലതാദികള്‍ക്ക് ഫലഭൂയിഷ്ഠമായ ത്വാഇഫിലെ മണ്ണ് പുതിയ പ്രസ്ഥാനത്തിനു വെള്ളവും വളവും നല്‍കാന്‍ വിസമ്മതിച്ചുവെന്നു മാത്രമല്ല, എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കൂരിരുട്ടില്‍ മുന്നോട്ടുള്ള വഴിയറിയാതെ പകച്ചുനില്‍ക്കേണ്ടിവന്നപ്പോഴും പ്രവാചകന്‍ പതറിയില്ല. പ്രവാചകന്റെ ദൗത്യത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ചില കുശാഗ്രബുദ്ധികള്‍ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിരുന്നു. പ്രവാചകന്റെ ദൗത്യം വിജയിക്കുമെന്നും അറേബ്യ ആ കാല്‍ക്കീഴില്‍ വരുമെന്നും മനസ്സിലാക്കിയവരായിരുന്നു അവര്‍. പ്രവാചകനു ശേഷം അധികാരം അവര്‍ക്കു വേണമെന്നതായിരുന്നു അവരുടെ നിബന്ധന. എന്നാല്‍, പ്രവാചകനു വേണ്ടിയിരുന്നത് ഭൈമീകാമുകന്‍മാരെ ആയിരുന്നില്ല.

അധികാരത്തെയോ ഭരണവ്യവസ്ഥയെയോ കുറിച്ച് ചിന്തിക്കാത്ത ലൗകിക പരിത്യാഗിയായിരുന്നില്ല അദ്ദേഹം.  രാത്രി എത്രതന്നെ ഇരുള്‍ മൂടിയതാണെങ്കിലും അതിന്റെ സമയപരിധി കഴിഞ്ഞാല്‍ സൂര്യോദയം നിര്‍ബന്ധമാണല്ലോ. പ്രവാചകനു പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സൂര്യനുദിച്ചത് മക്കയുടെ വടക്കുഭാഗത്തുള്ള യസ്‌രിബില്‍ (മദീന) നിന്നായിരുന്നു. യസ്‌രിബില്‍ നിന്ന് ഒറ്റപ്പെട്ട വ്യക്തികള്‍ നേരത്തെ പ്രവാചക സന്ദേശത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിയിരുന്നുവെങ്കിലും ഒരു സംഘം ഈ ദൗത്യത്തിന്റെ യാഥാര്‍ഥ്യത്തെയും സാധ്യതകളെയും തിരിച്ചറിയുന്നത് പ്രവാചകത്വത്തിന്റെ 11ാം വര്‍ഷത്തിലാണ്. മക്കക്കാരില്‍ നിന്നു വ്യത്യസ്തമായി പൂര്‍വ പ്രവാചകന്‍മാരുടെ അനുയായികളായ യഹൂദരോടും ക്രൈസ്തവരോടുമുള്ള സമ്പര്‍ക്കം പ്രവാചകാധ്യാപനങ്ങളെ യസ്‌രിബുകാര്‍ക്ക് എളുപ്പത്തില്‍ ഗ്രാഹ്യമാക്കി. അതുവരെ മക്കാനിവാസികളുടെ ഭിന്നിപ്പിന്റെയും ഛിദ്രതയുടെയും ഹേതുവെന്ന പഴി കേട്ടിരുന്ന പ്രവാചകാധ്യാപനങ്ങള്‍ ഗോത്രകുടിപ്പകയുടെ വൈരം ദുസ്സഹമാക്കിയ തങ്ങളുടെ ജീവിതത്തിന് രഞ്ജിപ്പിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമായ ഒരു ഭൂമിക സൃഷ്ടിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. യസ്‌രിബ് തന്നെയാണ് തന്റെ വാഗ്ദത്തഭൂമിയെന്നു മനസ്സിലാക്കിയ പ്രവാചകന്‍ തന്റെ പ്രിയശിഷ്യരിലൊരാളെ യസ്‌രിബിനെ തന്റെ ദൗത്യത്തിനു പാകപ്പെടുത്തിയെടുക്കാന്‍ അവരോടൊപ്പം അയച്ചു.

ദാഹിച്ചുവലഞ്ഞ് അവശനായ മരുഭൂയാത്രികന്‍ വെള്ളത്തെയെന്നപോലെ പ്രവാചകാധ്യാപനങ്ങള്‍ അവര്‍ ഏറ്റുവാങ്ങി. മക്കയില്‍ മുരടിച്ചുനിന്നിരുന്ന പ്രബോധനദൗത്യത്തിന്റെ കേന്ദ്രം തന്റെ ദര്‍ശനത്തിനു വളക്കൂറുള്ള യസ്‌രിബിന്റെ മണ്ണിലേക്ക് പറിച്ചുനടാന്‍ പ്രവാചകന്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം യസ്‌രിബുകാരോട് പങ്കുവച്ചു. അറബികളും അനറബികളുമായ മുഴുവന്‍ പേരോടും യുദ്ധപ്രഖ്യാപനം നടത്തുകയും അവരുടെ മുഴുവന്‍ ശത്രുത ഏറ്റുവാങ്ങുകയും ചെയ്യുകയാണ് അതുവഴി ചെയ്യുന്നതെന്ന് പ്രത്യേകിച്ചൊരു വിശദീകരണവും കൂടാതെത്തന്നെ യസ്‌രിബുകാര്‍ മനസ്സിലാക്കി. യാതനകളുടെയും ദുരിതങ്ങളുടെയും നടുക്കടലിലേക്കാണ് ചാടുന്നതെന്ന തിരിച്ചറിവുള്ളതോടൊപ്പം തന്നെ തങ്ങള്‍ യസ്‌രിബില്‍ പാകാന്‍ പോകുന്ന വിത്ത് എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ച് പടര്‍ന്നുപന്തലിച്ച് ലോകത്തിന് അതിന്റെ സദ്ഫലങ്ങള്‍ നല്‍കുകതന്നെ ചെയ്യുമെന്ന ബോധം, ജീവാര്‍പ്പണം ചെയ്തും ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റണമെന്ന വിചാരം അവരില്‍ രൂഢമൂലമാക്കി. ഹജ്ജിനായി മക്കയിലെത്തിയിരുന്ന അവരിലെ എഴുപത്തഞ്ചോളം വരുന്ന സ്ത്രീപുരുഷന്‍മാര്‍ അടങ്ങുന്ന പ്രതിനിധികള്‍ പ്രവാചകനുമായി സംരക്ഷണ കരാറിലൊപ്പിട്ടു. പ്രവാചകന്‍ അവരോട് പറഞ്ഞു: ''നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. നിങ്ങളുടെ ശത്രുക്കള്‍ എന്റെയും ശത്രുക്കളായിരിക്കും. നിങ്ങള്‍ ആര്‍ക്കെതിരേ യുദ്ധം ചെയ്യുന്നുവോ അവരുമായി ഞാനും യുദ്ധം ചെയ്യും.

സന്ധിയും അങ്ങനെത്തന്നെ. തങ്ങള്‍ വിഷമസന്ധികളിലും സമാധാന സന്ദര്‍ഭങ്ങളിലും സന്തോഷത്തിന്റെയും സന്താപത്തിന്റെയും വേളകളിലും പ്രവാചകനോടൊപ്പം നിന്ന് അദ്ദേഹത്തെ അനുസരിക്കുന്നതാണെന്ന് അവര്‍ അദ്ദേഹത്തിന് വാക്കുകൊടുത്തു. പ്രവാചകന്‍ തന്റെ അനുചരന്മാരോട് യസ്‌രിബിലേക്കു പലായനം ചെയ്യാന്‍ നിര്‍ദേശിച്ചു. തങ്ങള്‍ ജനിച്ചുവളര്‍ന്ന ജന്മനാടും വീടും കൃഷിയും മറ്റ് ഉപജീവനോപാധികളും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് അവര്‍ വിശ്വാസത്തിന്റെ പുതിയ തുരുത്തിലേക്ക് പലായനം ആരംഭിച്ചു. ഇരുളിന്റെ മറവിയില്‍ പാത്തും പതുങ്ങിയും വിശപ്പും ദാഹവും സഹിച്ചു ദുരിതപര്‍വം താണ്ടിയാണ് അവര്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. സ്ത്രീകളടക്കമുള്ള പലരും വഴിയില്‍ തടയപ്പെട്ടു. മക്കയില്‍ തങ്ങള്‍ സര്‍വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച 'വിപത്ത്' യസ്‌രിബിലെ അനുകൂല സാഹചര്യത്തിലേക്ക് പറിച്ചുനട്ടാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മക്കയിലെ അധികാരിവര്‍ഗം അശ്രദ്ധരായിരുന്നില്ല. ഏതുവിധേനയും പലായകരെ വഴിമധ്യേ പിടികൂടാനും തിരിച്ചുകൊണ്ടുവരാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വരാന്‍ പോകുന്ന വന്‍ വിപത്തിനെ ചെറുക്കാനുള്ള ഒരേയൊരു മാര്‍ഗം പ്രവാചകനെ ഉന്മൂലനം ചെയ്യലാണെന്ന തീരുമാനത്തിലാണ് ശത്രുക്കള്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്.

പ്രവാചകന്‍ രക്ഷപ്പെടുന്നത് തടയാന്‍ അവര്‍ വീടിനു കാവല്‍ ഏര്‍പ്പെടുത്തി. എന്നാല്‍, അവരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പ്രവാചകന്‍ തന്റെ ഉത്തമ സഹചാരിയോടൊത്ത് മൂന്നു നാളത്തെ ഗുഹാവാസത്തിനു ശേഷം യസ്‌രിബിലേക്കു പലായനം ചെയ്തു. പ്രവാചകന്റെ പലായനത്തോടെ യസ്‌രിബ് മദീനത്തുന്നബവി (പ്രവാചകനഗരം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഒരു പലായകന്റെ പേരില്‍ അറിയപ്പെടുന്ന നഗരം ഒരുപക്ഷേ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. ചരിത്രം അതിനു മുമ്പോ ശേഷമോ ദര്‍ശിച്ചിട്ടില്ലാത്ത രീതിയിലാണ് മദീന അതിന്റെ അഭയാര്‍ഥികളെ സ്വീകരിച്ചത്. പ്രവാചകന്‍ മദീനക്കാരെ സഹായികള്‍ എന്ന അര്‍ഥത്തില്‍ അന്‍സാറുകള്‍ എന്നു വിളിച്ചു. ഓരോ മദീനക്കാരനും ഓരോ അഭയാര്‍ഥിയെ വീതം ഏറ്റെടുത്തു. തീര്‍ന്നില്ല, സ്വസഹോദരനുമാക്കി. അവര്‍ തങ്ങളുടെ വീടുകള്‍ അഭയാര്‍ഥികള്‍ക്കു പകുത്തുനല്‍കി. കൃഷിഭൂമി നല്‍കി. വ്യാപാരസൗകര്യങ്ങള്‍ ഏര്‍പ്പാടുചെയ്തുകൊടുത്തു. (ആദ്യഘട്ടത്തില്‍ അവര്‍ക്കിടയില്‍ അനന്തരാവകാശത്തിനു പോലും അര്‍ഹതയുണ്ടായിരുന്നു). തീര്‍ച്ചയായും അവിടെ ദാരിദ്ര്യമുണ്ടായിരുന്നു. കഷ്ടപ്പാടുകളും പട്ടിണിയുമുണ്ടായിരുന്നു. പക്ഷേ, അവ അഭയാര്‍ഥികള്‍ക്കു മാത്രമായിരുന്നില്ല. മദീനാനിവാസികള്‍ തങ്ങളുടെ വിഭവങ്ങള്‍ അഭയാര്‍ഥികളുമായി പങ്കുവച്ചതിനു ശേഷമുള്ള ഇല്ലായ്മകളായിരുന്നു അവ. പങ്കുവയ്ക്കലിന്റെ മധുരം അവര്‍ അനുഭവിച്ചറിഞ്ഞു. പ്രവാചകന്റെ വരവോടുകൂടി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനവും പ്രബോധന-പ്രചാരണ ദൗത്യങ്ങളുടെ കേന്ദ്രവുമായി മദീന മാറി. അങ്ങനെ അഭയാര്‍ഥിയായി വന്ന പ്രവാചകനെ മദീനക്കാര്‍ തങ്ങളുടെ ഭര്‍ണകര്‍ത്താവാക്കി. ഏവര്‍ക്കും പുതുവല്‍സരാശംസകള്‍.
Next Story

RELATED STORIES

Share it