kasaragod local

പലവ്യഞ്ജന സാധനങ്ങള്‍ക്ക് വില കൂടുന്നു

കാഞ്ഞങ്ങാട്: മലയാളിയുടെ ഇഷ്ട ഭക്ഷണമായ സാമ്പാര്‍ ഇനി കിട്ടാക്കനി. ഹോട്ടലുകളില്‍ പപ്പടം നിര്‍ത്തിയിട്ട് നാളുകളേറെയായി. ഉഴുന്ന് പരിപ്പിന്റെ വില 210 രൂപയാണ്. പലവ്യഞ്ജനങ്ങളുടെ വില കുതിച്ചുകയറുന്നത് മൂലം ജനങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമാണ് പല സാധനങ്ങളുടേയും വില.
പലവ്യഞ്ജനങ്ങളുടെ വിലയില്‍ 20 ശതമാനം മുതല്‍ 100 ശതമാനം വരെ വില വര്‍ധിച്ചിട്ടും പൊതുവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അവശ്യ വസ്തുക്കളുടെ വിതരണം ഗണ്യമായി വെട്ടികുറച്ചിരിക്കുകയാണ്. മാവേലി സ്റ്റോര്‍ വഴി കാര്‍ഡുടമകള്‍ക്ക് പ്രതിമാസം നല്‍കിയിരുന്ന പരിപ്പ്, ഉഴുന്നു പരിപ്പ്, കടല, ചെറുപയര്‍ എന്നിവയുടെ അളവ് പകുതിയായി കുറച്ചു. ആഴ്ചതോറും കാര്‍ഡ് ഉടകള്‍ക്ക് അഞ്ച് കിലോ അരി സബ്‌സിഡിയായി നല്‍കിയത് രണ്ടാഴ്ചയായി കുറച്ചു. തിരഞ്ഞെടുപ്പിനിടയില്‍ കുതിച്ചുയരുന്ന വില നിയന്ത്രിക്കാന്‍ തയ്യാറായിട്ടില്ല. സാമ്പാറില്‍ ഉപയോഗിക്കുന്ന പരിപ്പിന് ചില്ലറ വില്‍പന ശാലകളില്‍ 220 രൂപയും ചുവന്ന പരിപ്പിന് 210 രൂപയുമാണ് വില.
ചെറുപയറിന് 110 രൂപയും കടലയ്ക്ക് 100 രൂപയുമാണ് ഇപ്പോഴത്തെ വില. ഏപ്രില്‍, മെയ്, മാസം 140 രൂപയുണ്ടായിരുന്ന തോരപരിപ്പിന്റെ വില 220 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഉഴുന്ന് പരിപ്പിന്റെ വില 120 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ന്നു. വറ്റല്‍ മുളകിന്റെ വില 110ല്‍ നിന്നും 160 രൂപയായി. 36 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 42 രൂപയും പച്ചരിക്ക് 28 രൂപയില്‍ നിന്ന് 33 രൂപയും ജയ അരിക്ക് 32 ല്‍ നിന്നും 36 രൂപയായും വര്‍ധിച്ചിട്ടുണ്ട്. കടുക്, ജീരകം, വെളുത്തുള്ളി, ഉലുവ തുടങ്ങിയവയുടെ വിലയിലും ഗണ്യമായ വില വര്‍ദ്ധനവാണുണ്ടായത്. ഓണത്തിന് ശേഷം പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. സവോളയുടെ വില 40 രൂപയാണ്. സഹകരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സപ്ലൈകോയുടെ വില്‍പന ശാലകളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടിയിരിക്കുകയാണ്. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ ഭൂരിഭാഗവും ലഭിക്കാത്ത അവസ്ഥയാണ്.
ഉഴുന്നിന്റെ വില വര്‍ധിച്ചതിനാല്‍ ഉഴുന്നുവട, ഇഡലി തുടങ്ങിയ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഉഴുന്നിന്റെ വില വര്‍ധിച്ചതോടെ ജില്ലയിലെ നൂറ് കണക്കിന് പപ്പട നിര്‍മാണ തൊഴിലാളികളുടെ ജീവിതം ദുരിതമായിരിക്കുകയാണ്. വിപണിയില്‍ പപ്പടം കിട്ടാത്ത സ്ഥിതിയാണ്. ജില്ലയിലെ റേഷന്‍ വിതരണവും താറുമാറായിരിക്കുകയാണ്. മിക്ക റേഷന്‍ കടകളിലും ബിപിഎല്‍, എപിഎല്‍ കാര്‍ഡുടമകള്‍ക്കും അരി കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. മല്‍സ്യ, മാംസങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ഇഷ്ടഭക്ഷണമായ മത്തിക്ക് 80 രൂപ മുതല്‍ 100 വരെയാണ് വില. അയലക്ക് 120 രൂപയാണ് വില. കോഴിയിറച്ചിക്ക് 100 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തിരക്കിനിടയില്‍ വിപണിയിലെ വില വര്‍ധനവിനെതിരെ കാര്യമായ പ്രതിഷേധമില്ലാത്തതിനാല്‍ വ്യാപാരികള്‍ തോന്നുന്ന വിലയാണ് ഈടാക്കുന്നത്. വില വിവര പട്ടികപോലും പ്രദര്‍ശിപ്പിക്കുന്നില്ല. തൊഴിലുറപ്പ് പണിപോലും കൃത്യമായി നടക്കാത്തതിനാല്‍ കര്‍ഷക തൊഴിലാളികളുടെയും നാമമാത്ര തൊഴിലാളികളും നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. റബറിന്റെയും തേങ്ങയുടെയും വിലകുറവ് കാരണം പൊറുതിമുട്ടുന്ന മലയോര ജനതക്ക് കടുത്ത പ്രയാസമാണുണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it