kannur local

പലയിടത്തും അക്രമം; നിരോധനാജ്ഞ

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ പലയിടത്തും ആക്രമണം. ചിലയിടത്ത് സിപിഎം-ആര്‍എസ്എസ് ആക്രമണമാണെങ്കില്‍ ചിലയിടത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പലയിടത്തും പാര്‍ട്ടി ഓഫിസുകളും വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു.
ആഹ്ലാദപ്രകടനത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പ് ദിവസമുണ്ടായ പോലിസ് സുരക്ഷ ഇന്നലെ പാളി. അതേസമയം, സംഘര്‍ഷം വ്യാപിക്കുന്നതിനാല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. സിആര്‍പിസി 144 പ്രകാരം കൂട്ടം കൂടി നില്‍ക്കുകയോ, ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ പാടില്ല. ഇന്നലെ രാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെങ്കിലും അക്രമം തുടര്‍ന്നതിനാല്‍ ഇന്നുവരെ നീട്ടിയിട്ടുണ്ട്. സംഘര്‍ഷത്തിന് അയവ് വരികയാണെങ്കില്‍ ഇന്ന് തന്നെ നിരോധനാജ്ഞ പിന്‍വലിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
തലശ്ശേരി, പിണറായി, മട്ടന്നൂര്‍, ഇരിട്ടി, പാപ്പിനിശ്ശേരി, ഉരുവച്ചാല്‍, ചാലാട് ഭാഗങ്ങളിലാണ് അക്രമം അരങ്ങേറിയത്. പിണറായിയില്‍ സിപിഎം ആഹ്ലാദപ്രകടനത്തിനിടെ ബോംബേറുണ്ടായി. ബോംബേറില്‍ ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ വാഹനം കയറി ഒരാള്‍ മരിച്ചു. ബോംബേറില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളിയില്‍ ബിജെപി ഓഫിസിന് നേരെ ആക്രമണമുണ്ടായി.
പിണറായി പുത്തന്‍കണ്ടത്ത് ബിജെപി പ്രവര്‍ത്തകരുടെ വീടുകക്കു നേരെയും അക്രമം. മാറോളി പ്രജിത്ത്, മാതാവ് മാറോളി, അജിത, ബന്ധു മനോജ് തുടങ്ങിയവരുടെ മൂന്ന് വീടുകള്‍ക്കു നേരെയാണ് ഇന്നലെ വൈകീട്ടോടെ അക്രമമുണ്ടായത്. കതിരൂര്‍ പോലീസില്‍ പരാതി നല്‍കി. എരഞ്ഞോളി കുടക്കളത്ത് ബിഎംഎസ് മേഖല സെക്രട്ടറി കെ രമേശനെ(50) വെട്ടേറ്റ നിലയില്‍ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം.
പിണറായിയില്‍ ഇടത് മുന്നണി ആഹ്ലാദ പ്രകടനത്തിന് നേരെ ആര്‍എസ്എസ്‌കാര്‍ നടത്തിയ ബോംബേറില്‍ പ്രതിഷേധിച്ച് ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎം നേതാക്കളായി അഡ്വ. ബിനോയ് കുര്യന്‍, കെ ശ്രീധരന്‍, പി പി അശോകന്‍, കെ അബ്ദുര്‍ റഷീദ്, പി വിജയന്‍, രാജന്‍ നേതൃത്വം നല്‍കി.
തലശ്ശേരിയില്‍ ബോംബേറ്
തലശ്ശേരി: കാവുംഭാഗം കൊളശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുയ്യാലി എംസിഎന്‍ എന്‍ക്ലേവിന് സമീപത്തെ ചെറുമഠത്തില്‍ ഷാജുവിന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചയോടെ ബോംബേറുണ്ടായത്. വീടിന് നാശനഷ്ടമുണ്ടായി. വീട്ടു പറമ്പില്‍ നിന്നു പൊട്ടാത്ത ഒരു ബോംബും കണ്ടെത്തിയിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. തലശ്ശേരി എസ്‌ഐ ഷാജുവും സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഇടയില്‍പ്പീടികയില്‍ ബോംബ് നിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 10 നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. മൂന്ന് സിപിഎം പ്രവര്‍ത്തകരെ കതിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. സിപിഎം ഓഫിസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ഓരുകുന്നോത്ത് മീത്തല്‍ രജീഷ്(22), പൊന്നാരം വീട്ടില്‍ വിബീഷ്(23), മംഗലശ്ശേരി അഭിലേഷ്(21) എന്നിവര്‍ അറസ്റ്റിലായത്. ഉഗ്ര ശേഷിയുള്ള നാടന്‍ ബോംബുകളും വെടി മരുന്നുകളുമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പോലിസിനെ കണ്ട് ഓടിയ പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it