Kottayam Local

പലചരക്കിനും മല്‍സ്യ-മാംസാദികള്‍ക്കും വില കുതിക്കുന്നു



ഈരാറ്റുപേട്ട: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. രൂക്ഷമായ വില വര്‍ധനവു കാരണം ഉപഭോക്താക്കള്‍ കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. പലചരക്കിനു പിന്നാലെ മീന്‍, ഇറച്ചി വിലയും കുതിക്കുന്നു. വിലക്കയറ്റം മൂലം ഈ മാസം അവസാനമെത്തുന്ന റമദാന്‍ നോമ്പ് സാധാരണക്കാരെ ദുരിതത്തിലാക്കും.കുത്തരിക്ക് 47ഉം പച്ചരിക്ക് 32ഉം ആണ് വില. പയര്‍ 90ഉം കടല 85ഉം പഞ്ചസാര 45ഉം രുപയാണ് വില. ബ്രോയിലര്‍ ചിക്കന്‍ വില 110 രൂപയിലെത്തി. നാടന്‍ കോഴിയിറച്ചിക്ക് 190 രൂപ നല്‍കണം. ആട്ടിറച്ചിക്കു 500 രൂപയാണ്. മാട്ടിറച്ചിക്ക് 260 രൂപ വിലയായി. ചെറുമീനുകള്‍ കിട്ടാനേ ഇല്ലാത്ത അവസ്ഥയാണ്. സാധാരണ രീതിയില്‍ ട്രോളിങ് നിരോധന കാലത്താണ് സംസ്ഥാനത്ത് മല്‍സ്യ ക്ഷാമം രൂക്ഷമാവുന്നതും വില ഉയരുന്നതും. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവും മല്‍സ്യ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടില്‍ നിന്ന് കോരുവല ഉപയോഗിച്ച് മീന്‍പിടിത്തം വ്യാപകമായിരുന്നു. ചെറുമീനുകളെ കടലിലേക്കു തിരികെ കളഞ്ഞിരുന്ന പതിവുമാറി. ഇപ്പോള്‍ അവയെ തൂത്തുവാരി എടുക്കുകയാണ്. വളത്തിനും കോഴിത്തീറ്റയ്ക്കുമായി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് മുമ്പെങ്ങും ഉണ്ടാവാത്ത തരത്തില്‍ മീനിനു ക്ഷാമം തുടങ്ങിയത്. കരിമീന്‍ അടക്കം സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന മീന്‍ കഴിക്കുന്നവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്. ഗുജറാത്ത്, ബംഗാള്‍, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായും മീന്‍ എത്തുന്നത്. പിടിച്ചു ഏറെ ദിവസങ്ങള്‍ക്കു ശേഷം ഇവിടുത്തെ വിപണിയിലെത്തുന്നതു വരെ അമോണിയവും ഫോര്‍മാലിനും പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് മീന്‍ സൂക്ഷിക്കുന്നത്. എന്നാല്‍ പച്ചക്കറിക്ക്് വിലക്കുറവാണ് അനുഭവപ്പെടുന്നത്.അതേസമയം പഴവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ആപ്പിളിനു 150 രൂപയും   മുന്തിരിക്ക് 100 രൂപയുമാണ് വില. മാങ്ങക്ക് 50 മുതല്‍80രുപയാണ് വില.വാഴപ്പഴത്തിനു 60 രൂപയും ഏത്തക്കയ്ക്ക് 55 രൂപയുമാണ് വിപണി വില. രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ റമദാന്‍ വിപണി ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it