palakkad local

പലകപ്പാണ്ടി ജലസേചനപദ്ധതി നാളെ കര്‍ഷകര്‍ക്കായി സമര്‍പ്പിക്കും

കൊല്ലങ്കോട്: കേരളത്തിന്റെ നെല്ലറയായ പാലക്കാടിലെ പ്രധാന സംഭരണികളിലൊന്നായ ഗായത്രി പ്പുഴ പദ്ധതിയിലെ രണ്ടാം ഘട്ട പദ്ധതിയാണ് ചുള്ളിയാര്‍ പദ്ധതി. 13.70 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള ചുള്ളിയാര്‍ ഡാമില്‍ കഴിഞ്ഞ നാല്പത് വര്‍ഷത്തിനുളളില്‍ വളരെ ചുരുക്കം വര്‍ഷങ്ങളില്‍ മാത്രമേ പൂര്‍ണ്ണ സംഭരണ ശേഷി കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇത് പരിഹരിക്കുന്നതിനു വേണ്ടിയാണ് പലകപ്പാണ്ടി പദ്ധതി വിഭാവനം ചെയ്തത്. പ്രസ്തു തപദ്ധതി വഴി നെല്ലിയാമ്പതി മലനിരകളിലെ പലകപ്പാണ്ടി വെള്ളചാട്ടത്തില്‍ നാലു ഭാഗങ്ങളില്‍ തടയണ നിര്‍മിച്ച് കനാല്‍ വഴി ചുള്ളിയാര്‍ ഡാമില്‍ ജലം സംഭരിക്കുകയാണ് പലകപ്പാണി പദ്ധതിയിലൂടെ സാധ്യമാകാന്‍ പോകുന്നത്. 2005ല്‍ 9.10 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതി കേരള സര്‍ക്കാറിന്റെ ഫാസ്റ്റ് ട്രാക്ക് പദ്ധതിയിലൂടെയാണ് നടപ്പിലാക്കിയത്.
ഇതു കൂടാതെ നെന്മാറ നിയോജക മണ്ഡലം വി ചെന്താമരാക്ഷന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 76.76 ലക്ഷം രൂപയും പദ്ധതിക്കായി ചെലവഴിച്ചു. പദ്ധതി പ്രദേശത്തു നിന്നും ചുള്ളിയാര്‍ ഡാം വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം നാല് റീച്ചുകളിലായാണ് പണികള്‍ പൂ ര്‍ത്തീകരിച്ചത്.
നാലാം റീച്ചിലെ പണികള്‍ കുറച്ച് പണികള്‍ അവശേഷിക്കുന്നുണ്ടെങ്കിലും പദ്ധതിയിലൂടെ വെള്ളം ഡാമിലേക്ക് ഒഴുകി പോകുന്നതിന് തടസമില്ല. പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ പത്ത് വര്‍ഷം എടുക്കേണ്ടി വന്നതായി ആക്ഷേം ഉന്നയിക്കുമ്പോഴും കാലവര്‍ഷം തെറ്റി വന്ന ഇടമഴ പദ്ധതി പ്രദേശത്തിലെ കുന്ന് ഇടിച്ചിലിന് കാരണമായതും പദ്ധതി പൂര്‍ത്തീകരിക്കാന്‍ താമസമായി. 12.92 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തിയാകുന്ന പദ്ധതി മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പ്രദേശത്തിലെ ഏക്കറുകണക്കിന് നെല്ല്, പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകരുടെ സ്വപ്‌ന പദ്ധതി കൂടിയാണ് യാഥാര്‍ത്ഥ്യമാവുന്നത്.
കൊല്ലങ്കോട് പഞ്ചായത്ത് മൈതാനിയില്‍ വച്ച് നാളെ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വി ചെന്താമരാക്ഷന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് കര്‍ഷകര്‍ക്കായി പദ്ധതി നാടിന് സമര്‍പ്പിക്കും. പി കെ ബിജു എം പി, ജില്ലാ കലക്ടര്‍, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പിഎസി മെംബര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും.
Next Story

RELATED STORIES

Share it