kannur local

പറശ്ശിനിക്കടവ്, കാഞ്ഞിരങ്ങാട് പെട്രോള്‍ പമ്പുകളിലെ കവര്‍ച്ച: പിന്നില്‍ ഒരേ സംഘം

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പെട്രോള്‍ പമ്പില്‍നിന്ന് പണമടങ്ങിയ മേശ എടുത്തുകൊണ്ടുപോയതിനു പിന്നാലെ പറശിനിക്കടവിലെ പമ്പിലും കവര്‍ച്ച. പറശ്ശിനിക്കടവ് വിഘ്‌നേശ്വര ഫ്യൂവല്‍സില്‍നിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം 25,000 രൂപ തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. ഇരുസംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് പോലിസ് നിഗമനം.
പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. രാത്രി എട്ടോടെയാണ് കാഞ്ഞിരങ്ങാട് ആര്‍ടിഒ ഗ്രൗണ്ടിന് സമീപത്തെ പെട്രോള്‍പമ്പില്‍ നിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം പണമടങ്ങിയ മേശ കൊണ്ടുപോയത്. പമ്പിലെ ജീവനക്കാരന്‍ വെള്ളം കുടിക്കാനായി മാറിനിന്ന സമയം കവര്‍ച്ചക്കാര്‍ വാഹനത്തില്‍ മേശയുമായി അതിവേഗം കടന്നുകളയുകയായിരുന്നു. ഇന്ധനം നിറക്കുന്ന യന്ത്രത്തിന് സമീപമുണ്ടായിരുന്ന ചെറിയ സ്റ്റീല്‍ മേശയാണ് കൈക്കലാക്കിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
ബൈക്ക് ഓടുന്നതിനിടെ മേശവലിപ്പ് തുറന്നുപോവുകയും 8,000ത്തോളം രൂപ അണ്ടിക്കളത്തിന് സമീപത്തുനിന്ന് നാട്ടുകാര്‍ക്ക് ലഭിക്കുകയും ചെയ്തു. മേശയും വലിപ്പും ഉപേക്ഷിച്ച നിലയില്‍ അള്ളാംകുളം റോഡരികില്‍ കണ്ടെത്തി. മോഷണസംഘത്തിന്റെ ചിത്രം പമ്പിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് പറശ്ശിനിക്കടവ് ബസ്സ്റ്റാന്റിനടുത്ത മമ്പാലയിലെ വിഘ്‌നേശ്വര ഫ്യൂവല്‍സില്‍ സമാനരീതിയില്‍ കവര്‍ച്ച അരങ്ങേറിയത്.
പമ്പ് അടയ്ക്കുന്നതിനു മുന്നോടിയായി പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു ജീവനക്കാര്‍. ഈ സമയം ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരു യുവാവ് ടൗവല്‍ കൊണ്ട് മുഖം മറച്ച നിലയില്‍ പമ്പിലെത്തി. ചില ബൈക്ക് യാത്രക്കാര്‍ പൊടിശല്യത്തില്‍നിന്നു രക്ഷ നേടാന്‍ മുഖത്ത് ടൗവല്‍ കെട്ടാറുള്ളതിനാല്‍ പമ്പ് ജീവനക്കാര്‍ ഇതു കാര്യമായെടുത്തില്ല. ജീവനക്കാരനോട് ടോയ്‌ലെറ്റ് എവിടെയെന്ന് അന്വേഷിച്ചു. ഈ സമയം പണം എണ്ണിക്കൊണ്ടിരുന്ന ജീവനക്കാരന്‍ ടോയ്‌ലെറ്റ് ചൂണ്ടിക്കാണിച്ചു. ടോയ്‌ലെറ്റിന്റെ ഭാഗത്തേക്കു നീങ്ങിയ യുവാവ് അതേവേഗം തിരിച്ചുവന്ന് ജീവനക്കാരന്‍ മേശപ്പുറത്ത് കെട്ടിവച്ചിരുന്ന 25,000 രൂപയെടുത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പത്തിലേറെ പേര്‍ പമ്പിലുണ്ടായിരുന്നു. ഇവര്‍ വാഹനങ്ങളില്‍ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
പമ്പുടമ ജനാര്‍ദ്ദനന്റെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്തു. മോഷണം നടന്ന രണ്ടു പമ്പിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ ഉടന്‍ പിടിയിലാവുന്നെ് എസ്‌ഐ കെ ജെ വിനോയ് പറഞ്ഞു.
Next Story

RELATED STORIES

Share it