ernakulam local

പറവൂരില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകം; ജനകീയ സമിതി ചേരുന്നില്ല

പറവൂര്‍: പറവൂരിലും പരിസരങ്ങളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളിലും യുവാക്കളിലുമാണ് ഉപയോഗം വര്‍ധിച്ചുവരുന്നത്.
കഴിഞ്ഞ വര്‍ഷം നിരവധി കഞ്ചാവ് കേസുകള്‍ എടുക്കുകയും പലരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. മാഞ്ഞാലി പോലുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ മുന്‍കൈയെടുത്തു ലഹരിവിരുദ്ധ ജനകീയസമിതികളും രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണത്തിനും ജനകീയ പിന്തുണയോടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള നിയോജകമണ്ഡലം തല  ജനകീയസമിതി വിളിച്ചു ചേര്‍ത്തിട്ട് മാസങ്ങളായി. എക്‌സൈസ് വകുപ്പിനു കീഴിലാണ് ജനകീയ സമിതിയുള്ളത്.
എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, പോലിസ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ജനകീയസമിതി. എക്‌സൈസ് വകുപ്പാണ് സമിതി ഓരോമാസവും വിളിച്ചു ചേര്‍ക്കേണ്ടത്. എന്നാല്‍ ഏതാനും മാസങ്ങളായി പറവൂരില്‍ സമിതി വിളിച്ചുചേര്‍ത്തിട്ടില്ല. സമിതി വിളിച്ചുചേര്‍ക്കുമ്പോഴാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ലഹരി വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും എക്‌സൈസ് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളും ചര്‍ച്ചയാവുക.  ഇപ്പോള്‍ പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലും കമ്മിറ്റികള്‍ ഉള്ളതും മണ്ഡലം തല സമിതിയിലേക്ക് ആളുകള്‍ എത്താത്തതിന് കാരണമാവാമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം പ്രധാന ഉദ്യോഗസ്ഥരും എം എല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന സമിതിക്കുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല എന്നതാണ് വസ്തുത.
ലഹരി സംബന്ധിച്ച് വിവരം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 94 0006 9557 എന്ന നമ്പറില്‍ വിവരം അറിയിക്കാമെന്നും ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ്മാത്യു അറിയിച്ചു.
Next Story

RELATED STORIES

Share it