Flash News

പറയാനുള്ളതെല്ലാം പറഞ്ഞു; ഒടുക്കം മോദിയെ കെട്ടിപ്പിടിച്ചു

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചശേഷം മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍ഗാന്ധി. ഞാന്‍ ഇത്രയുംനേരം നിങ്ങളെ വിമര്‍ശിച്ചു. വ്യക്തിപരമായി എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ് എന്നു പറഞ്ഞാണ് രാഹുല്‍ തന്റെ 15 മിനിറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
തുടര്‍ന്ന് സീറ്റില്‍ നിന്ന് എഴുന്നേറ്റ് പ്രധാനമന്ത്രിയുടെ അടുക്കലെത്തി ആലിംഗനം ചെയ്തു. രാഹുലിന്റെ പ്രവൃത്തിയില്‍ ഞെട്ടിത്തരിച്ച മോദി രാഹുലിനോട് എന്തോ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആലിംഗനം ചെയ്തു തിരിച്ചുപോകുന്ന രാഹുലിനെ അമ്പരപ്പ് മാറി മോദി തിരിച്ചുവിളിച്ചതും ഹസ്തദാനം ചെയ്തതും സഭയില്‍ ചിരിയും കൗതുകവും പടര്‍ത്തി. രാഹുലിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്. രാഹുലിന്റേത് മികച്ച പെര്‍ഫോമന്‍സാണെന്നും ഗെയിം ചെയ്ഞ്ചിങ് പ്രസംഗമാണെന്നുമാണ് തരൂര്‍ പറഞ്ഞത്. അവസാനം മോദിയെ കെട്ടിപ്പിടിച്ചുകൊണ്ട് ബിജെപിയുടെ ശ്വാസം നിലപ്പിച്ചിരിക്കുകയാണ് രാഹുലെന്നും തരൂര്‍ പറഞ്ഞു. അതിനിടെ, സീറ്റില്‍ തിരിച്ചെത്തിയ രാഹുല്‍ മറ്റൊരു സഭാംഗത്തോട് കണ്ണിറുക്കുന്നതും വൈറലായിട്ടുണ്ട്.
പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു രാഹുലിന്റെ കണ്ണിറുക്കല്‍. അതേസമയം, ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മര്യാദ പാലിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it