Flash News

പറമ്പിക്കുളം - ആളിയാര്‍ കരാര്‍ : കേരളത്തിന്റെ ഹരജിയില്‍ സുപ്രിംകോടതി പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കി



ന്യൂഡല്‍ഹി: പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം 2012-13 വര്‍ഷത്തില്‍ തമിഴ്‌നാട് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കി. ഇതു പ്രകാരം 10ഓളം വിഷയങ്ങള്‍ കോടതി വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. കരാര്‍ ലംഘനത്തിന് തമിഴ്‌നാട് കേരളത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടോ, വരള്‍ച്ചാ ബാധിത വര്‍ഷങ്ങളില്‍ കരാര്‍ പ്രകാരമുള്ള വെള്ളം നല്‍കാന്‍ തമിഴ്‌നാടിന് ബാധ്യതയുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും കോടതി പരിശോധിക്കുക. മൂന്ന് മാസത്തിനികം കേസില്‍ തെളിവുകളും സാക്ഷികളേയും ഹാജരാക്കാന്‍ കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.  തമിഴ്‌നാട് കരാര്‍ ലംഘനം നടത്തിയതിനാല്‍ വെള്ളം ലഭിക്കാതിരിക്കുകയും 56 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേരളത്തിന്റെ പരാതി. 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കോടതി വിശദമായി പരിശോധിക്കും. 1970ലെ കരാര്‍ പ്രകാരം ഷോളയാറില്‍ നിന്ന് 12.3 ഘനയടി വെള്ളവും ആളിയാറില്‍ നിന്ന് 7.25 ഘനയടി വെള്ളവും എല്ലാ വര്‍ഷവും നല്‍കാന്‍ തമിഴ്‌നാടിന് ബാധ്യതയുണ്ടോ എന്നീ കാര്യങ്ങളും കോടതി പരിശോധിക്കും.  കേരളം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മാര്‍ച്ച് മാസത്തില്‍ അന്തിമ വാദം നടക്കും.
Next Story

RELATED STORIES

Share it