thrissur local

പറപ്പൂക്കരയിലെ ഇരട്ടക്കൊലപാതകം: പ്രതികളില്‍ ചിലര്‍ പിടിയിലായതായി സൂചന; മുഴുവന്‍ പേരെയും തിങ്കളാഴ്ചയോടെ പിടികൂടും

പുതുക്കാട്: പറപ്പൂക്കരയിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതികളില്‍ ഏതാനും പേര്‍ പിടിയിലായി. മുഴുവന്‍ പേരെയും തിങ്കളാഴ്ചയോടെ പിടികൂടാനായേക്കും.
തിങ്കളാഴ്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നു കരുതുന്നു. പറപ്പൂക്കര ജൂബിലി നഗറില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലിലാണ് രണ്ടു യുവാക്കള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തത്.
മുരിയാട് പനിയത്ത് വിശ്വനാഥന്റെ മകന്‍ വിശ്വജിത്ത്(33), തലോര്‍ പനയംപാടം സ്വദേശിയും മണ്ണംപേട്ട തെക്കേക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന രായപ്പന്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വിന്‍(35)ആണ് ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ടത്.
ജൂബിലി നഗര്‍ മേനാച്ചേരി തിമത്തിയുടെ മകന്‍ മിഥുന്‍ (22), തൈക്കാട്ടുശ്ശേരി പിയാത്തു പറമ്പില്‍ ഗോപാലന്റെ മകന്‍ ശ്രീജിത്ത് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കേസ്സിലെ പ്രധാന പ്രതിയെന്നു പോലിസ് പറയുന്ന ജൂബിലി നഗര്‍ സ്വദേശി ശരവണന്‍ മിഥുന്റെ ഭാര്യയോട് മോശമായി പെരുമാറി എന്നതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് മിഥുന്‍ ശരവണനെ ചോദ്യം ചെയ്തു.
പിന്നീട് ശരവണന്‍ മിഥുന്റെ വീട്ടിലെത്തി ഭാര്യയുടെ മുന്നില്‍ വെച്ച് മിഥുനെ മര്‍ദ്ദിച്ചു. മിഥുനും സുഹൃത്തുക്കളും വീട്ടില്‍ മദ്യപിച്ചിരിക്കേ ശരവണന്‍ ഇവരുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് അവരെ മെയിന്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടു വരികയയായിരുന്നു.
അവിടെ കാത്തുനിന്നിരുന്ന ശരവണന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം മിഥുനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മെല്‍വിനും വിശ്വജിത്തും റോഡില്‍ വീണു.
വെട്ടേറ്റ മിഥുനും ശ്രീജിത്തും ഓടി രക്ഷപ്പെട്ടു. മെല്‍വിനും വിശ്വജിത്തും അര മണിക്കൂറിലേറെ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പുതുക്കാട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
Next Story

RELATED STORIES

Share it