palakkad local

പറക്കുളം സ്‌നേഹപുരം ഗ്രാമത്തില്‍ മദ്‌റസ കെട്ടിടമുയര്‍ന്നു

ആനക്കര: പറക്കുളം സ്‌നേഹപുരം ഗ്രാമത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ മദ്‌റസ കെട്ടിടമുയര്‍ന്നു. മേഖലയിലുള്ള വിദ്യാര്‍ഥികള്‍ മതപഠനത്തിനായി കിലോമീറ്ററുകള്‍ അകലെയുള്ള ചേക്കോട് മദ്‌റസയിലോ പറക്കുളം മദ്‌റസയിലോ പോകേണ്ട അവസ്ഥയാണുള്ളത്. ഇതിനുപുറമെ വിജനമായ കുന്നിന്‍മുകളിലൂടെ തെരുവുനായ്ക്കളെ പേടിച്ചാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് കൂട്ടായിപോകുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പറക്കുളം കുന്നിനോട് ചേര്‍ന്ന് സ്‌നേഹപുരം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സ്ഥലത്ത് മദ്‌റസ കെട്ടിടം പണിതതെന്ന് അണിയറപ്രവര്‍ത്തകര്‍ തേജസിനോട് പറഞ്ഞു.
മഅ്ദിനുസ്സുന്ന എന്ന് പേരിട്ട മദ്‌റസ കെട്ടിടം ഇന്ന് വൈകീട്ട് എഴിന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി അഷറഫ് അസ്ഹനി, കെ പി കുഞ്ഞാപ്പ ഹാജി പങ്കെടുക്കും. മദ്‌റസയുടെ ആഭിമുഖ്യത്തില്‍ ത്രിദിന നബിദിന പരിപാടികളും നടക്കും.
ഇന്ന് രാത്രി 7 ന് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തോടെ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം അബ്ദു റസാഖ് സഅ്ദി നിര്‍വഹിക്കും. കെ പി മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷനായിരിക്കും. സ്വാലിഹ് അഹ്‌സനി, ഒ ഹൈദര്‍ മുസ്‌ലിയാര്‍, കബീര്‍ അഹ്‌സനി, ഫൈസല്‍ സഖാഫി, അബ്ദുറഹ്മാന്‍ കുഞ്ഞുക്കാസ്, ഒ എം ഹമീദ് ഹാജി, നസീര്‍ സലഫി, സൈനുദ്ദീന്‍ ഒതളൂര്‍, കെ ഹൈദര്‍ അലി മാസ്റ്റര്‍, അശ്‌റഫ് അഹ്‌സനി പങ്കെടുക്കും. തുടര്‍ന്ന് സ്വാബിര്‍ കാമില്‍ സഖാഫിയുടെ കുടുംബ ക്ലാസ്സും രാത്രി 8 ന് മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും.
Next Story

RELATED STORIES

Share it