പറക്കാനൊരുങ്ങി കണ്ണൂര്‍; ഉല്‍സവലഹരിയില്‍ മട്ടന്നൂര്‍

എ ടി സുബൈര്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചതിനു പിന്നാലെ ഉദ്ഘാടന തിയ്യതിയും പ്രഖ്യാപിച്ചതോടെ നാട് ഉല്‍സവലഹരിയില്‍. 20 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന വിപുലമായ സൗകര്യമാണ് കണ്ണൂര്‍ വിമാനത്താവളത്തിലുള്ളത്. എയര്‍ലൈന്‍ സൗഹൃദ, ബിസിനസ് സൗഹൃദ, പാസഞ്ചര്‍ സൗഹൃദ വിമാനത്താവളമെന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന കിയാല്‍ മേഖലയുടെ വികസനത്തിന് വമ്പന്‍ സാധ്യതയാണു തുറന്നിടുന്നത്. വിദേശസഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്ന മനോഹരമായ പ്രദേശങ്ങളേറെയുണ്ടായിട്ടും യാത്രാസൗകര്യത്തിന്റെ കുറവാണ് ഉത്തരമലബാറിന്റെ ടൂറിസം വളര്‍ച്ചയെ മുരടിപ്പിച്ചത്. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാവുന്നതോടെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെയും മലബാറിന്റെയും ടൂറിസം സാധ്യതകള്‍ വിപുലമാവും.
പരമ്പരാഗതമായി വ്യവസായമേഖലയായിരുന്ന കണ്ണൂരിന് സമീപകാലം തിരിച്ചടികളുടേതായിരുന്നു. മരം, പ്ലൈവുഡ്, ടെക്‌സ്റ്റൈല്‍ മേഖലയില്‍ വലിയ പെരുമയാണ് കണ്ണൂരിനുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ഇവ ക്രമേണ ക്ഷയോന്മുഖമാവുകയായിരുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്കു വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
മട്ടന്നൂര്‍ മുതല്‍ കൂത്തുപറമ്പ്, പാനൂര്‍ വരെയുള്ള മേഖലയില്‍ 4000 ഏക്കര്‍ സ്ഥലം കിന്‍ഫ്ര ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും ശുഭസൂചനയാണ്. പ്രതിദിനം 55 ടണ്‍ ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കണ്ണൂര്‍ വഴി കയറ്റിയയക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പഴം, പച്ചക്കറി, മല്‍സ്യം ഉള്‍പ്പെടെ അയക്കാന്‍ വ്യാപാരികള്‍ കിയാലിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it