പറക്കലിനിടെ വിമാനങ്ങള്‍ക്ക് ആകാശത്ത് നിന്നു മാലിന്യം പുറന്തള്ളാനാവില്ല: ഡിജിസിഎ

ന്യൂഡല്‍ഹി: പറക്കലിനിടെ വിമാനങ്ങള്‍ക്ക് ആകാശത്തു നിന്നു മാലിന്യം പുറന്തള്ളാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനു മുന്നില്‍. പറക്കലിനിടെ വിമാനത്തിന്റെ ടോയ്‌ലറ്റ് തുറന്നുവിട്ടതിനാല്‍ തന്റെ ഫഌറ്റിനു മുകളില്‍ മാലിന്യം വീണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശി റിട്ട. ലഫ്. ജനറല്‍ സത്വന്ത് സിങ് ദാഹിയ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഇതു വല്ല പക്ഷികളും കാഷ്ഠിച്ചതാവാമെന്നാണ് ഡിജിസിഎ പറയുന്നത്. പരാതിയെ തുടര്‍ന്ന് ആകാശത്തുനിന്ന് മാലിന്യം തുറന്നുവിട്ടാല്‍ വിമാനക്കമ്പനികള്‍ 50,000 രൂപ നല്‍കണമെന്നു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണല്‍ ഡിജിസിഎക്ക് നോട്ടീസ് നല്‍കിയിരുന്നു. പറക്കലിനിടെ ടോയ്‌ലറ്റ് മാലിന്യം താഴോട്ട് തള്ളില്ലെന്ന് ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് എല്ലാ വിമാനക്കമ്പനികള്‍ക്കും സര്‍ക്കുലര്‍ അയക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് സ്്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡിജിസിഎ ഇപ്പോള്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങളില്‍ ടോയ്‌ലറ്റ് മാലിന്യം ലാന്‍ഡ് ചെയ്തതിനുശേഷം മാത്രം നീക്കംചെയ്യുന്നതിനുള്ള സംവിധാനങ്ങളാണുള്ളത്. അതിനാല്‍ തന്നെ പരാതിയില്‍ കഴമ്പില്ലെന്നാണ് ഡിജിസിഎയുടെ വാദം. സത്വന്ത് സിങിന്റെ വീടിനു മുകളില്‍ വല്ല പക്ഷിയും കാഷ്ഠിച്ചതാവാം എന്നാണ് ഡിജിസിഎ വാദിക്കുന്നത്.
സത്വന്ത് സിങിന്റെ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാനും തെളിവു ശേഖരിക്കാനും ഹരിത ട്രൈബ്യൂണല്‍ ഡിജിസിഎ, സെന്‍ട്രല്‍ ഏവിയേഷന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിബിസി) എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. സത്വന്ത് സിങിന്റെ വീടിനു മുകളില്‍ വീണ മാലിന്യത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം ഉണ്ടോ അതോ പക്ഷികളുടെ കാഷ്ഠമാണോ എന്നു പരിശോധനക്കയച്ചു കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it