Flash News

പര്‍സാനിയക്കഥയെ തോല്‍പ്പിച്ച് മുസഫറിന്റെ ജീവിതം

പര്‍സാനിയക്കഥയെ തോല്‍പ്പിച്ച് മുസഫറിന്റെ ജീവിതം
X
കെ  എ  സലിം

പര്‍സാനിയക്കഥയെ വെല്ലുന്നതാണു മുസഫര്‍ സലിം ശെയ്ഖിന്റെ ജീവിതം. അവനെ വിവേക് പട്‌നി എന്നും വിളിക്കാം. മുസ്‌ലിമായ പെറ്റമ്മയുടെയും ഹിന്ദുവായ പോറ്റമ്മയുടെയും കഥ കൂടിയാണിത്. 2002 ഫെബ്രുവരി 28നു ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടില്‍ അഭയംതേടിയ നൂറുകണക്കിനു മുസ്‌ലിംകള്‍ക്കിടയില്‍ മാതാവ് സൈബുന്നിസയ്‌ക്കൊപ്പം രണ്ടര വയസ്സുകാരനായ മുസഫറുമുണ്ടായിരുന്നു. ഹിന്ദുത്വരുടെ ആക്രമണത്തില്‍ ചിതറിയോടിപ്പോയവര്‍ക്കിടയില്‍ മുസഫറിനെ കാണാതായി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമായിരുന്നു പിന്നീട്.

[caption id="attachment_319249" align="alignnone" width="560"]
മുസഫര്‍ മീന പട്‌നിക്കൊപ്പം(പഴയകാല ചിത്രം)[/caption]

ആറു വര്‍ഷങ്ങള്‍ക്കു ശേഷം 2008 ജൂലൈ 14നു ഗുജറാത്ത് വംശഹത്യക്കേസുകള്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മുഹമ്മദ് സലിം ശെയ്ഖിനോട് അക്കാര്യം പറഞ്ഞു. നിങ്ങളുടെ മകന്‍ ജീവിച്ചിരിപ്പുണ്ട്. അവനിപ്പോള്‍ മുസഫറല്ല; വിവേക് ആണ്. സരാസ്പൂരിലെ വിക്രം പട്‌നിയുടെയും മീനാ പട്‌നിയുടെയും മകന്‍. അന്നു രാത്രി അര്‍ഷ് കോളനിയിലെ വീട്ടില്‍ മുഹമ്മദ് സലിം ശെയ്ഖ് മകനു വേണ്ടി തങ്ങള്‍ നടത്തിയ അന്വഷണത്തിന്റെ കഥ പറഞ്ഞു. ഗുജറാത്തില്‍ ഇതു വരെ കേട്ട വംശഹത്യയുടെ ഇരകളുടെ നിയമപോരാട്ടത്തിന്റെ കഥയായിരുന്നില്ല അത്. അസാധാരണമായ ഒരു സ്‌നേഹബന്ധത്തിന്റെ കഥയായിരുന്നു. മുഹമ്മദ് സലിം ശെയ്ഖ് കഥ പറയുമ്പോ ള്‍ മാതാവ് സൈബുന്നിസ കൂടെ ഉണ്ടായിരുന്നു. എല്ലാം കേട്ട് മുസഫറിന്റെ അനിയന്‍ ശെയ്ഖ് ഫജാന്‍ എനിക്കൊപ്പമിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്നു കാണാതായ 31 പേരില്‍ സലിം ശെയ്ഖിന്റെ സഹോദരിയും മുസഫറുമുണ്ടായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മൃതദേഹങ്ങള്‍ക്കിടയില്‍, ഷാ ആലമിലെയും ആലം നഗറിലെയും അഭയാര്‍ഥി ക്യാംപുകളില്‍ എല്ലായിടത്തും സലിം ശെയ്ഖ് മകനെ തേടി നടന്നു. എന്നാല്‍ കണ്ടെത്തിയില്ല. മുസഫര്‍ മരിച്ചോ, അറിയില്ലായിരുന്നു. മോര്‍ച്ചറിയിലെ കരിഞ്ഞ മൃതദേഹങ്ങള്‍ക്കിടയില്‍ പരതുമ്പോള്‍ അത് അവനായിരിക്കരുതേയെന്ന് നെഞ്ചു പൊട്ടി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റി കുട്ടക്കൊല കഴിഞ്ഞ് അഞ്ചു മാസങ്ങള്‍ക്കു ശേഷം അഹ്മദാബാദിലെ തെരുവിലെവിടെയോ അലഞ്ഞുതിരിയുന്ന മൂന്നു വയസ്സുകാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ക്രൈംബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥനാണു കണ്ടെത്തുന്നത്. അയാള്‍ കുട്ടിയെ തന്റെ അര്‍ധ സഹോദരന്‍ വിക്രം പട്‌നിയുടെ കൈകളിലേല്‍പ്പിച്ചു. മല്‍സ്യക്കച്ചവടക്കാരായ കുടുംബം അവനെ സ്വന്തം മക്കളെ പോലെ വളര്‍ത്തി. കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണമൊന്നും അവരറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞുവരുമ്പോഴേക്കും മുസഫര്‍, വിവേക് എന്ന പേരില്‍ മീനയുടെയും  വിക്രമിന്റെയും മകനായി കഴിഞ്ഞിരുന്നു. വിവേക് സലിം ശെയ്ഖിന്റെ മകനാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുമ്പോള്‍ ഏഴു വയസ്സായിരുന്നു മുസഫറിന്റെ പ്രായം. തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ബന്ധുത്വം സ്ഥിരീകരിച്ചു. എന്നാല്‍ വിവേകിനെ വിട്ടുകൊടുക്കാന്‍ പട്‌നി കുടുംബം തയ്യാറായിരുന്നില്ല. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സൈബുന്നിസ കോടതിയെ സമീപിച്ചു. എന്നാല്‍ പെറ്റമ്മയെ കണ്ടെത്തിയെങ്കിലും പോറ്റമ്മയെ വിട്ടുപോവാന്‍ മുസഫറിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഇടയ്ക്കിടെ അവന്‍ മാതാപിതാക്കളെ കാണാനെത്തി. അവര്‍ക്കൊപ്പമിരുന്നു. അവരുടെ ജീവിതത്തില്‍ പങ്കാളിയായി. അല്‍പസമയം ഇവനെ ഇവിടെ ഇരുത്തൂ. ഉടന്‍ കൊണ്ടുപോവാമെന്നു പറഞ്ഞാണു ബന്ധു കുഞ്ഞിനെ വീട്ടില്‍ ഏല്‍പ്പിച്ചതെന്ന് മീന പറഞ്ഞു. പിന്നെയാരും വന്നില്ല. ക്ഷീണിതനായിരുന്നു അവന്‍. ആരോഗ്യം വീണ്ടുകിട്ടാന്‍ അവനു നല്ല ഭക്ഷണവും ചികില്‍സയും നല്‍കി. മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന തന്റെ കുടുംബത്തില്‍ അവര്‍ക്കു പോലും നല്‍കാത്ത പരിഗണനയോടെയാണു ഞങ്ങള്‍ അവനെ വളര്‍ത്തിയത്. അവന് ഏറ്റവും മികച്ച ഭക്ഷണമാണു ഞങ്ങള്‍ നല്‍കിയത്. അവനെ ആര്‍ക്കും വിട്ടുകൊടുക്കേണ്ടിവരില്ലെന്നു പോലിസും തങ്ങളോടു പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ എല്ലാവരുടെയും ഇഷ്ടപ്പെട്ട കുട്ടിയായി മാറിയിരുന്നു. വിക്രമിന്റെ പിതാവിനും അവനായിരുന്നു പ്രിയപ്പെട്ടവന്‍. മറുവശത്ത് ഇക്കാലമത്രയും താന്‍ കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നുവെന്നു സലിം ശെയ്ഖ് പറഞ്ഞു. അവനെ കണ്ടെത്തിയെന്ന് അറിഞ്ഞ ദിവസം മറക്കാവുന്നതായിരുന്നില്ല തങ്ങള്‍ക്ക്.

നാലാം ഭാഗം: കുഞ്ഞേ നീയറിയുമോ, എത്രനാള്‍ നിന്നെ തേടിയെന്ന്
Next Story

RELATED STORIES

Share it