പര്‍വേസ് മുശര്‍റഫിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ഇസ്‌ലാമാബാദ്: ലാല്‍ മസ്ജിദ് പണ്ഡിതന്‍ അബ്ദുല്‍ റാഷിദ് ഖാസിയെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്താന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.
മുശര്‍റഫിനെ മാര്‍ച്ച് 16ന് ഹാജരാക്കണമെന്ന് ഇസ്‌ലാമാബാദ് കോടതി പോലിസിനു നിര്‍ദേശം നല്‍കി. 2007ല്‍ മുശര്‍റഫ് സൈനിക മേധാവിയായിരിക്കെ നടത്തിയ നീക്കത്തിലാണ് അബ്ദുല്‍ റാഷിദ് ഖാസി കൊല്ലപ്പെട്ടത്. വാറന്റുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും നേരിട്ട് ഹാജരാവുന്നതില്‍ നിന്നും തന്നെ സ്ഥിരമായി ഒഴിവാക്കണമെന്ന മുശര്‍റഫിന്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കേസില്‍ 55 തവണ വാദം കേള്‍ക്കല്‍ നടന്നെങ്കിലും 72കാരനായ മുന്‍ പ്രസിഡന്റ് ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇത് നാലാം തവണയാണ് ജാമ്യമില്ലാ വാറന്റ്. ഇസ്‌ലാമാബാദിലെ ലാല്‍ മസ്ജിദില്‍ അതിക്രമിച്ചെത്തിയ സൈന്യം ഖാസിയെ കൊലപ്പെടുത്തിയത് മുശര്‍റഫിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം 2013ല്‍ സമര്‍പ്പിച്ച പരാതിയില്‍ ആരോപിക്കുന്നത്.
2007 ജൂലൈയില്‍ മൂന്നു ദിവസം നീണ്ട സൈനിക നടപടിക്കിടെ വിദ്യാര്‍ഥികളും സൈനികരും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it