Flash News

പര്‍ദ്ദ വിവാദം; പ്രിന്‍സിപ്പല്‍ മാപ്പു പറയണം: വിദ്യാര്‍ത്ഥിനി

പര്‍ദ്ദ വിവാദം; പ്രിന്‍സിപ്പല്‍ മാപ്പു പറയണം: വിദ്യാര്‍ത്ഥിനി
X
providence-college

[related]

കോഴിക്കോട്: കഴിഞ്ഞ മാസം പര്‍ദ്ദ ഊരിവെയ്ക്കാന്‍ മറന്നതിന് കോളജിലെ വിദ്യാര്‍ത്ഥിനിയോട് ടിസി വാങ്ങി പോകണമെന്നും സംസ്‌കാരമില്ലാത്തവളെന്നും പ്രോവിഡന്‍സ് വുമണ്‍സ് കോളജ് പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ നീത അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു.തന്നെ അധിക്ഷേപിച്ച പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്ന് വിദ്യാര്‍ത്ഥിനി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.  കദീജാ നിശാന്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് പ്രിന്‍സിപ്പാലിന്റെ അധിക്ഷേപത്തിന് പാത്രമായത്. വിവാദത്തിനെതിരേ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. കദീജാ നിശാന്‍ തന്റെ അനുഭവം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കദീജയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഞാന്‍, കദീജ നിശാന്‍, പ്രൊവിഡന്‍സ് വിമണ്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് . 20/11/2015 വെള്ളിയാഴ്ച പര്‍ദ്ദ ധരിച്ച് കാമ്പസിലെത്തിയ എനിക്കുണ്ടായ അനുഭവം വിവരിക്കാനാണ് ഇതെഴുതുന്നത് .

ഓഡിറ്റോറിയത്തില്‍ അസംബ്ലി ഉണ്ടെന്ന അറിയിപ്പ് കേട്ടാണ് കാമ്പസിന്റെ ഗേറ്റ് കടന്നത്. വെപ്രാളത്തില്‍ പര്‍ദ്ദ ഊരിവെക്കാതെ ഓടി ഓഡിറ്റോറിയത്തില്‍ എത്തി. പുറകിലെ സീറ്റിലാണ് ഇരുന്നിരുന്നത്. ശബ്ദം വ്യക്തമല്ലാത്തത് കാരണം പുറകിലേക്ക് ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. കണ്ണടച്ച് എന്തോ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍(സിസ്റ്റര്‍) മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും വ്യക്തമല്ലാത്തതിനാല്‍ ഞാനടക്കം ഭൂരിഭാഗം കുട്ടികളും കണ്ണടച്ചിരുന്നില്ല. അസംബ്ലി അവസാനിച്ചപ്പോള്‍ പുറകില്‍ ബഹളംവെച്ച കുട്ടികള്‍ മുന്നിലേക്ക് വരണമെന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു.ബഹളം വെച്ചിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ മുന്നിലേക്ക് പോയില്ല .ഞങ്ങളുടെ അടുത്തേക്ക്(പിന്നിലേക്ക്) വന്ന പ്രിന്‍സിപ്പാള്‍ മൂന്ന് കുട്ടികളെ എഴുന്നേല്‍പിച്ച് നിര്‍ത്തി.
പെട്ടെന്നാണ് ഞാന്‍ പര്‍ദ്ദ ധരിച്ചത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. 'നീയെന്താ ഈ വേഷത്തില്‍' എന്നുപറഞ്ഞ് എന്നെയും എഴുന്നേല്‍പിച്ച് നിര്‍ത്തി. പര്‍ദ്ദ മാറി വരാന്‍ ആവശ്യപ്പെട്ടു. പര്‍ദ്ദ മാറ്റി ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ എന്നോട് പ്രിന്‍സിപ്പാളിന്റെ റൂമിലേക്ക് വരാന്‍ പറഞ്ഞു.


'എവിടെ നിന്നാണ് വരുന്നത്? ഈ വേഷം അഴിച്ചുവെക്കാന്‍ സമയമില്ലായിരുന്നോ?' എന്ന് ചോദിച്ചാണ് പ്രിന്‍സിപ്പാള്‍ സംസാരം ആരംഭിച്ചത്. പര്‍ദ്ദ ഇവിടെ പറ്റില്ല എന്നവര്‍ തീര്‍ത്തുപറഞ്ഞു. ഓഡിറ്റോറിയത്തിലേക്ക് ഓടിവന്നപ്പോള്‍ അഴിച്ചുവെക്കാന്‍ മറന്നതാണെന്ന് ഞാന്‍ പറഞ്ഞു.
'ഇവിടെ ഒരു ട്രഡീഷന്‍ ഉണ്ട് അത് കളഞ്ഞുകുളിക്കാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്? ഈ ഇന്‍സ്റ്റിറ്റിയൂഷന്‍ ഉണ്ടാക്കാന്‍ കുറേ ആളുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്, അവരുടെ ശാപമൊക്കെ നിനക്കുണ്ടാകും'. 'ഡിഗ്രി പഠിക്കാന്‍ പറ്റിയതിന്റെ അഹങ്കാരമാണോ?'
എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ ദീര്‍ഘനേരം ശകാരിച്ചു.

മുന്‍പ് എവിടെയാണ് പഠിച്ചത് എന്നവര്‍ ചോദിച്ചു. ജെ.ഡി.റ്റി ഇസ്‌ലാം സ്‌കൂള്‍ എന്ന് പറഞ്ഞപ്പോള്‍ ജെഡിറ്റിയിലെ കുട്ടികള്‍ക്ക് സംസ്‌കാരമില്ലെന്നും,അടുത്തവര്‍ഷം മുതല്‍ ജെ.ഡി.റ്റിയിലെ കുട്ടികളെ ഇവിടെ എടുക്കില്ല എന്നും അവര്‍ പറഞ്ഞു. 'ജെ.ഡി.റ്റിയില്‍ തന്നെ പഠിച്ചാല്‍ പോരായിരുന്നോ? എന്തിനാണ് ഇങ്ങോട്ട് വന്നത്?' എന്ന ചോദ്യത്തിന് മെറിറ്റ് സീറ്റിലാണ് ഞാന്‍ അഡ്മ്ിഷന്‍ നേടിയത് എന്ന് മറുപടി പറഞ്ഞു.പിന്നീട് ഉപ്പാക്കെന്താണ് ജോലി എന്ന ചോദ്യത്തിന് ബിസിനസ് എന്ന് മറുപടി പറഞ്ഞപ്പോള്‍ 'ഉപ്പാക്ക് മകളെ വളര്‍ത്താന്‍ അറിയില്ലേ?' എന്നായിരുന്നു അവരുടെ ചോദ്യം. 'പതിനെട്ട് വയസായില്ലേ, കല്ല്യാണം കഴിച്ച് പൊയ്ക്കൂടെ, ടി.സി വേണേല്‍ നാളെ രക്ഷിതാക്കളെ കൂട്ടി വന്നോളൂ', എന്നുകൂടി കേട്ടപ്പോള്‍ സഹിക്കാനാവാതെ ടി.സി വേണമെന്നുപറഞ്ഞ് തളര്‍ന്ന മനസുമായി അവിടെനിന്നിറങ്ങിയ ഞാന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. പ്രിന്‍സിപ്പാള്‍ വളരെ മോശമായി പെരുമാറിയതിനാല്‍ ഇവിടെ തുടരാന്‍ കഴിയില്ല എന്ന് ഞാന്‍ പറഞ്ഞു. എന്നെ സമാധാനിപ്പിച്ച് പ്രിന്‍സിപ്പാളിനോട് സംസാരിക്കാം എന്നു പറഞ്ഞുപോയ അധ്യാപകര്‍ പ്രിന്‍സിപ്പാള്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ല എന്നും പറഞ്ഞുകൊണ്ടാണ് തിരച്ചുവന്നത്. വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ ദേഷ്യം വന്ന ഉപ്പ പത്രത്തിലേക്ക് വിളിച്ചുപറഞ്ഞു.
ഞായറാഴ്ച തേജസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചു.
തിങ്കളാഴ്ച രക്ഷിതാക്കളുടെ കൂടെ കോളേജില്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ നിലപാട് മാറ്റി, താന്‍ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ല, ഈ കുട്ടിതന്നെയാണോ പര്‍ദ്ദയിട്ടത് എന്നോര്‍മയില്ല, എന്നവര്‍ പറഞ്ഞതോടെ തിരിച്ചൊന്നും പറയാനാകാതെ നിസ്സഹയായി ഞാനവിടെനിന്നിറങ്ങി. ഞാന്‍ മാനസികമായി വല്ലാതെ തളര്‍ന്നു. പത്രവാര്‍ത്തയിലൂടെ സംഭവമറിഞ്ഞ കുട്ടികളെല്ലാം തന്നെ പിന്തുണയറിയിക്കുകയും കൂടെയുണ്ടാകുമെന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പ്രന്‍സിപ്പാള്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും എന്നെ പിന്തുണക്കരുതെന്നും അധ്യാപകര്‍ ഓരോ ക്ലാസിലും ചെന്ന് പറഞ്ഞു. ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു. ഇത്രയും മോശമായ ഭാഷയില്‍ സംസാരിക്കുകയും എന്നിട്ട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും, ഞാന്‍ കളവ് പറഞ്ഞ് വാര്‍ത്തയുണ്ടാക്കിയതാണെന്നുമുള്ള പ്രചരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മറ്റു മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചപ്പോഴും ഞാന്‍ സംഭവിച്ചകാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രിന്‍സിപ്പാള്‍ എല്ലാവരോടും മറുപടി പറഞ്ഞത്.

ഇത്രകാലം കോളേജിലെ എല്ലാനിയമങ്ങളും പാലിച്ചാണ് ഞാന്‍ അവിടെ പഠിച്ചത്. പ്രത്യേകിച്ച് വസ്ത്ര നിയന്ത്രണമോ യൂണിഫോമോ ഇല്ലാത്ത പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ പര്‍ദ്ദ മാത്രം ധരിക്കാന്‍ പറ്റാത്ത് എന്തു കൊണ്ടാണെന്ന് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. സ്ഥിരമായി പര്‍ദ്ദ ധരിക്കുന്ന ഞാന്‍ എല്ലാദിവസവും കാമ്പസിലെത്തി പര്‍ദ്ദ ഊരിവെക്കുന്നതിന്റെ മാനസിക പ്രയാസം പറഞ്ഞറിയിക്കാനാവാത്തണ്. ഒരു ദിവസം പര്‍ദ്ദ ഊരിവെക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് ഇത്രയും ദുരനുഭവം എനിക്കുണ്ടായത്. അതിനുമാത്രം എന്ത് പ്രശ്‌നമാണ് പര്‍ദ്ദക്കുള്ളത? എല്ലാവരും അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുന്ന കാമ്പസില്‍ എനിക്കേറ്റവും ഇഷ്ടമുള്ള വസ്ത്രം ധരിച്ചുകൂടെ? ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളായ കുട്ടികള്‍ എന്റെ ക്ലാസിലടക്കം കാമ്പസില്‍ പഠിക്കുന്നുണ്ട്, അവരെ കാണുമ്പോള്‍ എനിക്കവരോട് ബഹുമാനമാണ് തോന്നാറ്. അതിന് അനുവാദമുള്ള ഒരു കോളേജില്‍ പര്‍ദ്ദ മാത്രം എന്തുകൊണ്ട് വിലക്കപ്പെടുന്നു? ഓഡിറ്റോറിയത്തില്‍ നിന്ന് എന്നെ മാത്രം എന്തു കൊണ്ട് പ്രിന്‍സിപ്പാള്‍ പ്രത്യേകമായി വിളിച്ചുവരുത്തി? എന്നോടല്ല, പര്‍ദ്ദയോടും ഞാന്‍ മുമ്പ് പഠിച്ച സ്‌കൂളിനോടുമെല്ലാമാണ് അവര്‍ അരിശം കാണിച്ചത് . പതിനെട്ടു വയസായില്ലേ കല്യാണം കഴിച്ചു പൊയ്ക്കൂടേ എന്നത് കോളേജില്‍ പഠിക്കാനെത്തുന്ന മുഴുവന്‍ മുസ്‌ലിം പെണ്‍കുട്ടികളോടുമുള്ള അവഹേളനമായാണ് ഞാന്‍ മനസിലാക്കുന്നത്. ഇതെഴുതാന്‍ എനിക്ക് ഭയമുണ്ട്, പക്ഷേ വിശ്വാസത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയും എന്നെപ്പോലെ അപമാനിതരാവാതിരിക്കാന്‍ എന്നാലാവുന്നത് ചെയ്യണമെന്ന് ഞാന്‍ മനസിലുറപ്പിച്ചിട്ടുണ്ട്. എനിക്കുണ്ടായ അനുഭവം വാര്‍ത്തയായിട്ടും, പൊതുവേ സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഫെമിനിസ്റ്റുകളും ആക്ട്ിവിസ്റ്റുകളുമൊന്നും എന്തേ എന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരക്ഷരം മിണ്ടാതിരുന്നത്? എനിക്കുണ്ടായ അപമാനത്തിന് കാരണമായത് എന്റെ മതവിശ്വാസമാണെങ്കില്‍ അതിന്റെ പേരില്‍ എന്ത് അവഹേളനവും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നോട് കാണിച്ച അനീതിക്ക് ബഹുമാന്യയായ പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്നാണ് എന്റെ ആവശ്യം. പര്‍ദ്ദ മാത്രം നിരോധിക്കുന്ന, പര്‍ദ്ദയിട്ടവരെ അവഹേളിക്കുന്ന, കാമ്പസ് അന്തരീക്ഷത്തോട് കേരളത്തിലെ വിദ്യാര്‍ഥി സമൂഹവും അധികാരികളും പ്രതികരിക്കുമെന്ന് ഞാന്‍ ആശിക്കുന്നു.

Khadeeja nishan
Ist year BA English
Providence womens college
Next Story

RELATED STORIES

Share it