ernakulam local

പരേഡ് മൈതാനം നവീകരണം; സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാന നവീകരണ ജോലികള്‍ തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിനെതിരേ മൈതാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ അന്തര്‍ദേശീയ കായിക താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തത് ശ്രദ്ധേയമായി.
ധര്‍ണ അന്തര്‍ ദേശീയ ഫുട്‌ബോള്‍ താരവും പരിശീലകനുമായ സേവ്യര്‍ പയസ് ഉദ്ഘാടനം ചെയ്തു. പശ്ചിമകൊച്ചിയിലെ പ്രധാന കളി സ്ഥലങ്ങളിലൊന്നായ ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയില്‍ നിന്നാണ് പല പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും പരിശീലിച്ച് ഉയര്‍ന്ന് വന്നിട്ടുള്ളത്. ശോചനീയാവസ്ഥയിലായ മൈതാനം നവീകരിക്കണമെന്ന കായിക പ്രേമികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ ഒരു കോടി രൂപ അനുവദിക്കുകയും ജോലികള്‍ തുടങ്ങുകയും ചെയ്തിരുന്നു.
മൈതാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രൈനേജ് നിര്‍മിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ ചെങ്കല്‍ കണ്ടെന്ന കാരണത്താല്‍ പുരാവസ്തുവാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വന്നതോടെ ജോലികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. നേരത്തേ മൈതാനിയില്‍ കായിക പ്രേമികളുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തിരുന്നു. ധര്‍ണയില്‍ സംസ്ഥാന ഗുസ്തി അസോസിയേഷന്‍ സെക്രട്ടറിയും സംരക്ഷണ സമിതി ചെയര്‍മാനുമായ എം എം സലീം അധ്യക്ഷത വഹിച്ചു. നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ, കൗണ്‍സിലര്‍മാരായ ബെന്നി ഫര്‍ണാണ്ടസ്, ടി കെ അഷറഫ്, ഫുട്‌ബോള്‍ പരിശീലകരായ ടി എ ജാഫര്‍, വില്യംസ്, റൂഫസ് ഡിസൂസ, വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്ഷന്‍ കെ എം ഹസ്സന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസര്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എന്‍ കെ നാസര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി എം എ ഫക്രുദ്ധീന്‍, കെ ബി സലാം, എ എം അയൂബ്, കെ ബി അഷറഫ്, ദിനേശ് കമ്മത്ത്, സി ഇ സിയാദ്, പി എം അസ്‌ലം, വി എം ഷംസുദ്ധീന്‍, സി പി ആന്റണി, എം സലീം സംസാരിച്ചു.
Next Story

RELATED STORIES

Share it