kozhikode local

പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം

താമരശ്ശേരി: പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ ഒരു സംഘം മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുടെ പേരിലായിരുന്നു അക്രമം. തലേ ദിവസം ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാം ദിവസം പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം നടന്നത്.
അക്രമത്തില്‍ സാരമായി പരിക്കേറ്റ ഉണ്ണികുളം മങ്ങാട് കിഴക്കേ രാമച്ചന്‍പറമ്പ് അഷ്മില്‍ അഹമ്മദിനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. വീട്ടിലേക്കു പോവുന്നതിനിടെ സംഘടിച്ചെത്തിയ ഒരുവിഭാഗം നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പട്ടികകൊണ്ട് അടിക്കുകയുമായിരുന്നെന്ന് അഷ്മില്‍ പറഞ്ഞു. സ്‌കൂള്‍ അധ്യായന വര്‍ഷം അവസാനിക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ ആഹ്ലാദ പ്രകടനം അതിരു കടക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ഇത് മുതലെടുത്താണ് അക്രമം നടത്തിയതെന്നും ആരോപണമുണ്ട്. അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അഷ്മില്‍ ബാലുശ്ശേരി പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ബാലുശ്ശേരി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it