പരീക്ഷാ ഫലപ്രഖ്യാപനം വേഗത്തിലാക്കാനൊരുങ്ങി എംജി

കോട്ടയം: ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനം വേഗത്തിലാക്കാനൊരുങ്ങി എംജി സര്‍വകലാശാല. രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് ജൂണ്‍ 2018, അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് ഒക്‌ടോബര്‍ 2018 ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയം നവംബര്‍ ഒന്നു മുതല്‍ 12 വരെ നടക്കും. എട്ടു സോണുകളിലായി കേന്ദ്രീകൃത രീതിയിലാണ് മൂല്യനിര്‍ണയം നടക്കുക.
4800 അധ്യാപകരെ മൂല്യനിര്‍ണയ ക്യാംപുകളില്‍ നിയോഗിച്ചാണ് ദ്രുതഗതിയില്‍ ഫലപ്രഖ്യാപനം നടത്തുന്നതിന് സര്‍വകലാശാല ഒരുങ്ങുന്നത്. രണ്ടാം സെമസ്റ്റര്‍ പിജി സിഎസ്എസ് ജൂലൈ 2018, ഒന്ന്, രണ്ട് സെമസ്റ്റര്‍ പിജി പ്രൈവറ്റ് ജൂലൈ 2018 പരീക്ഷകളുടെ മൂല്യനിര്‍ണയം ഹോം വാല്യുവേഷന്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരവും നടക്കും. കോട്ടയം ഗവ. കോളജ്, കോട്ടയം ബസേലിയസ് കോളജ്, പാലാ സെന്റ് തോമസ് കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, മൂവാറ്റുപുഴ നിര്‍മല കോളജ്, ആലുവ യുസി കോളജ്, തൃപ്പൂണിത്തുറ ചിന്മയ വിദ്യാപീഠ്, കട്ടപ്പന ലബ്ബക്കട ജെപിഎം കോളജ് എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. വിവിധ കോളജുകളില്‍ നിന്നുള്ള അധ്യാപകര്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സോണിലെ മൂല്യനിര്‍ണയ ക്യാംപില്‍ ഹാജരാകണം. അനുവദിക്കപ്പെട്ട ക്യാംപില്‍ നിന്നു മറ്റൊരു ക്യാംപിലേക്ക് അധ്യാപകന് മാറുന്നതിനു സര്‍വകലാശാല അനുമതി വേണം. ജില്ലയ്ക്കുള്ളില്‍ ക്യാംപ് മാറ്റം അനുവദിക്കില്ല. ക്യാംപ് ഡയറക്ടര്‍മാരുടെയും ക്യാംപ് ഉദ്യോഗസ്ഥരുടെയും യോഗം സര്‍വകലാശാല അസംബ്ലി ഹാളില്‍ നടന്നു. രണ്ട്, അഞ്ച് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം ജനുവരിയില്‍ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിന്‍ഡിക്കേറ്റ് പരീക്ഷാ ഉപസമിതി കണ്‍വീനര്‍ ഡോ. ആര്‍ പ്രകാശ് പറഞ്ഞു.
സിന്‍ഡിക്കേറ്റംഗം പ്രഫ. ടോമിച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ കൃഷ്ണദാസ്, ഡോ. എ ജോസ്, ഡോ. അജി സി പണിക്കര്‍, ഡോ. എം എസ് മുരളി, വി എസ് പ്രവീണ്‍കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ സംസാരിച്ചു.
Next Story

RELATED STORIES

Share it