പരീക്ഷാ നടത്തിപ്പിനെച്ചൊല്ലി സഭയില്‍ ബഹളം

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതിനെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പരീക്ഷാ നടത്തിപ്പ് സ്വകാര്യകമ്പനി അലങ്കോലമാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പ് മെറിറ്റ് ട്രാക്ക് എന്ന സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് ഇ- ടെന്‍ഡര്‍ വഴിയാണെന്ന മന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതുവഴി ഏറ്റവും വലിയ തട്ടിപ്പിനാണ് കളമൊരുക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സര്‍വകലാശാലാ നടത്തിപ്പ് 'കിട്ടുണ്ണി' സര്‍ക്കസ് പോലെ ആയിരിക്കുകയാണ്. എംഎല്‍എമാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ ഗവേണിങ് ബോഡി ചേരാനുള്ള തീരുമാനം ചട്ടവിരുദ്ധമാണെന്നും കോടിയേരി പറഞ്ഞു.
സ്വകാര്യ ഏജന്‍സിയെ പരീക്ഷാ നടത്തിപ്പ് ഏല്‍പിച്ചത് പരാജയപ്പെട്ട സംവിധാനമല്ല, പലയിടങ്ങളിലും അത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇ-ടെന്‍ഡര്‍ വഴിയാണ് ഏജന്‍സിയെ പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയതെന്നുള്ള മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 100 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് അവര്‍ ആരോപിച്ചു. റോഡ് നിര്‍മാണവും പാലം നിര്‍മാണവും പോലെയല്ല പരീക്ഷാ നടത്തിപ്പെന്നും അവര്‍ പറഞ്ഞു. ഇതിനു പിന്നിലുള്ള എല്ലാ കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടിയേരിയും എ കെ ബാലനും ആവശ്യപ്പെട്ടു. 45,000 കുട്ടികളുടെ ഭാവി തുലാസിലായിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ വേണ്ടത്ര ആലോചന നടത്താത്തതുകൊണ്ട് സര്‍ക്കാര്‍ പ്രയാസപ്പെടുകയാണെന്ന് ഭരണപക്ഷത്തെ പിസി വിഷ്ണുനാഥും പറഞ്ഞു. പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ, എല്ലാ കാര്യവും സുതാര്യമായാണ് നടത്തുന്നതെന്നും പരീക്ഷ സാധാരണ രീതിയിലാക്കിയിട്ടുണ്ടെന്നും കമ്പനിയെ ഒഴിവാക്കിയെന്നും മന്ത്രി അറിയിച്ചു. വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് പരിഷ്‌കരണം നടപ്പാക്കിയതെന്നു പറഞ്ഞ മന്ത്രി പരിഷ്‌കാരം മാറ്റിവച്ചതായി അറിയിച്ചതോടെയാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it