Pathanamthitta local

പരീക്ഷയ്ക്ക് ആഴ്ചകള്‍ മാത്രം; ചിറ്റാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരില്ല

ചിറ്റാര്‍: വര്‍ഷാവസാന പരീക്ഷയ്ക്ക് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തത്. 600 കുട്ടികളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുള്ളത്. 22 അധ്യാപകര്‍ വേണ്ടിടത്ത് 15 പേര്‍ മാത്രമാണുള്ളത്.
കഴിഞ്ഞ സപ്തംബറില്‍ ഏഴു പേരാണ് സ്ഥലം മാറിപ്പോയത്. പകരം ആളെ നിയമിച്ചിട്ടുമില്ല. ഇംഗ്ലീഷ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് വിഷയങ്ങള്‍ക്കാണ് അധ്യാപകരില്ലാത്തത്. പാഠ്യഭാഗങ്ങള്‍ പഠിപ്പിച്ചു തീരാന്‍ കിടക്കുകയാണ്. ഇതിനിടെ ഫിസിക്‌സ്, ബോട്ടണി, കണക്ക് എന്നീ വിഷയങ്ങള്‍ക്ക് ഇവിടേക്ക് അധ്യാപകരെ നിയമിച്ചിരുന്നു.
എന്നാല്‍, ഇവര്‍ ചുമതലയേല്‍ക്കാതെ മറ്റു സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയി.
കിഴക്കന്‍ മലയോരമേഖലയിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണിത്. സയന്‍സ്(രണ്ട്), കംപ്യൂട്ടര്‍ സയന്‍സ് (രണ്ട്), ഹ്യുമാനിറ്റീസ് എന്നിങ്ങനെ അഞ്ചു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മലയോര മേഖലയുടെ ഏകാശ്രയമാണ്. നിലവില്‍ രണ്ട് ലാബ് അസിസ്റ്റന്റ്‌സ് വേണ്ടിടത്ത് ഒരാള്‍ മാത്രമേയുള്ളൂ. വിജയശതമാനത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളാണിത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുട്ടികളാണ് പഠിക്കുന്നവരില്‍ ഏറെയും.
ഇവിടെയുള്ള അധ്യാപകര്‍ കൂടുതലും ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ്. കുട്ടികളുടെ ഭാവി പന്താടാതെ ഉടന്‍ അധ്യാപകരെ നിയമിക്കണമെന്ന് സ്‌കൂള്‍ പിടിഎ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ-റവന്യൂമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. നടപടി വൈകിയാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന പിടിഎ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it