പരീക്ഷയെഴുതാന്‍ അന്‍ഫാസിനും ലെനിനുമെത്തി

കെ എം  അക്ബര്‍
ചാവക്കാട്: പരസഹായമില്ലാതെ എഴുതാനാവില്ല, നടക്കാനുമാവില്ല മുഹമ്മദ് അന്‍ഫാസിനും ലെനിനും. പരിമിതികളെ അതിജീവിച്ച് ഉമ്മയുടെ കൈത്താങ്ങില്‍ അന്‍ഫാസും അമ്മയുടെ കൈത്താങ്ങില്‍ ലെനിനും ഇന്നലെ എസ്എസ്എല്‍സി പരീക്ഷയെഴുതാനെത്തി.
സ്‌കൂളിലെത്തുമ്പോള്‍ ഏറെക്കാലമായി കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു എന്നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അശ്‌റഫ്-നുസൈബ ദമ്പതികളുടെ മൂത്ത മകനാണ് മുഹമ്മദ് അന്‍ഫാസ്. സീതി സാഹിബ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആതിരാ ലക്ഷ്മിയുടെ സഹായത്തോടെ അന്‍ഫാസ് എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലാണ് പരീക്ഷയെഴുതിയത്.
ഒരുമനയൂര്‍ ഒറ്റത്തെങ്ങ് പീച്ചീലി വീട്ടില്‍ അനില്‍-ലത ദമ്പതികളുടെ മൂത്ത മകനാണു ലെനിന്‍. ചാവക്കാട് എംആര്‍ആര്‍എം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അബു ഫാരിഹിന്റെ സഹായത്തോടെ ലെനിന്‍ ചാവക്കാട് എംആര്‍ആര്‍എം സ്‌കൂളില്‍ പരീക്ഷയെഴുതി.
ജന്മനാ മാനസികാരോഗ്യം കുറഞ്ഞ അന്‍ഫാസ് കുന്നംകുളം ട്രോപ്പിക്കല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂൡ എട്ടു വര്‍ഷം പഠിച്ചിട്ടുണ്ട്. ഇവിടെ നിന്നു ലഭിച്ച ചിട്ടയായ പരിശീലനവും എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വി ഒ ജെയിസിന്റെ പിന്തുണയും പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അന്‍ഫാസിന് കരുത്തായി. മൂന്നു വയസ്സായപ്പോഴാണു ലെനിന്റെ കൈകാലുകള്‍ക്കു തളര്‍ച്ച സംഭവിച്ചത്. തളര്‍ച്ചയെ അതിജീവിച്ച് നാലാംക്ലാസ് വരെ ബ്ലാങ്ങാട് പിവിഎംഎല്‍പി സ്‌കൂളിലും അഞ്ചാം ക്ലാസ് മുതല്‍ ചാവക്കാട് എംആര്‍ആര്‍എം സ്‌കൂളിലും പഠനം തുടര്‍ന്നു.
മാതാപിതാക്കളുടെ കൈത്താങ്ങും സ്‌കൂളിലെ അധ്യാപകരുടെ പിന്തുണയും കൂടിയായതോടെ ലെനിന്റെ എസ്എസ്എല്‍സി പരീക്ഷ എന്ന സ്വപ്‌നവും പൂവണിഞ്ഞു. അങ്ങനെ പരിമിതികളുടെ പേരില്‍ വിധിയെ പഴിച്ച് അനേകായിരങ്ങള്‍ തങ്ങളിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന കാലത്ത് അവര്‍ക്കെല്ലാം വഴികാട്ടികളാവുകയാണ് മുഹമ്മദ് അന്‍ഫാസും ലെനിനും.
Next Story

RELATED STORIES

Share it