kozhikode local

പരീക്ഷയും കലോല്‍സവവും ഒരേ ദിവസം ; തീരുമാനം വിവാദത്തില്‍



വടകര: ബിസോണ്‍ കലോല്‍ സവ ദിവസം പരീക്ഷ നടത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ തീരുമാനം വിവാദത്തില്‍. ബി സോണ്‍ കലോല്‍സവത്തിന്റെ സ്റ്റേജിതര മല്‍സരങ്ങള്‍ വടകര എംഇഎസ് കോളജില്‍ പുരോഗമിക്കുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ഥികളുടെ ആറാം സെമസ്റ്റര്‍ പരീക്ഷ നടത്തിയത്. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി വിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തിയ അമ്മ മഹിജക്കെതിരേയുള്ള പോ ലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷയാണ് ഇന്നലെ നടത്തിയത്. ഒരു ദിവസം മുമ്പാണ് പരീക്ഷ ഇന്നലെ നടത്തുന്നതായി തീരുമാനിച്ചത്. കലോല്‍സവം നടന്നു കൊണ്ടിരിക്കെയുള്ള പരീക്ഷ മാറ്റിവയ്ക്കണമെന്ന് ബി സോണ്‍ സംഘാടകര്‍ വിസിയോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കലോല്‍സവത്തി ല്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു ദിവസം പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന അപ്രായോഗികമായ മറുപടിയാണ് യൂനിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് ബി സോ ണ്‍ സംഘാടകര്‍ക്ക് ലഭിച്ചത്. യൂനിവേഴ്‌സിറ്റി കലണ്ടര്‍ പ്രകാരം പരീക്ഷകളില്ലാത്ത ദിവസങ്ങള്‍ നോക്കിയാണ് ബി സോണ്‍ കലോല്‍സവം തീരുമാനിച്ചത്. പരീക്ഷ നടത്തുന്നുണ്ടെന്നറിഞ്ഞ് കഴിഞ്ഞ ദിവസവും കലോല്‍സവ കമ്മിറ്റി അംഗങ്ങള്‍ യൂനിവേഴ്‌സിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നതായി ചെയര്‍മാന്‍ പറഞ്ഞു. അതേസമയം കലോല്‍സവം പുരോഗമിക്കുന്ന എംഇഎസ് കോളജിലും ഇന്നലെ നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുകയുണ്ടായി. കലോല്‍സവത്തില്‍ പങ്കെടുക്കേണ്ട പല മല്‍സരാര്‍ഥികളും പരീക്ഷയെഴുതേണ്ടതിനാല്‍ അവസാന നിമിഷം പിന്മാറുകയും ചെയ്തു. പൂക്കള മല്‍സരങ്ങള്‍ പോലുള്ളവയില്‍ പങ്കെടുക്കേണ്ട 7 ടീമുകളില്‍ 3 ടീമുകള്‍ മാത്രമാണ് ഇന്നലെ പങ്കെടുത്തത്. ഇങ്ങനെ പല മല്‍സരങ്ങളിലും പരീക്ഷയുള്ളതിനാല്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വരെ 5000 രൂപ വരെ ചെലവില്‍ പൂക്കള്‍ ശേഖരിച്ച വിദ്യാര്‍ഥികളാണ് മല്‍സരത്തില്‍ പങ്കെടുക്കാനാവാതെ പിന്‍മാറിയതെന്ന് സംഘാടകര്‍ അറിയിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അധികൃതരുടെ നിരുത്തരവാദപരമായ ഈ നിലപാട് ശക്തമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. അതേസമയം എസ്എഫ്‌ഐ പോലുള്ള സംഘടനകള്‍ ഇത്തരത്തില്‍ കലോല്‍സവങ്ങള്‍ നടത്തുമ്പോള്‍ യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ വരുന്ന പരീക്ഷകള്‍ ആഴ്ചകള്‍ക്കപ്പുറം മാറ്റി വയ്ക്കുന്ന സംഭവങ്ങളുണ്ടായതായി സംഘാടകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it