Editorial

പരീക്ഷയില്‍ മികച്ച വിജയം; പിന്നീടോ?

എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നു. 97.84 ശതമാനമാണ് വിജയം. നൂറില്‍ ഏതാണ്ട് രണ്ടുപേര്‍ മാത്രമേ തോറ്റിട്ടുള്ളൂ എന്ന് പറയാം. ജീവിതത്തിന്റെ ജയാപചയങ്ങള്‍ നിര്‍ണയിക്കുന്ന ഒരു പരീക്ഷയില്‍ ഇത്രയധികം പേരെ വിജയിപ്പിക്കാന്‍ സാധിച്ചതില്‍ സ്വാഭാവികമായും നമുക്ക് അഭിമാനിക്കാവുന്നതാണ്. പക്ഷേ, എത്ര പേര്‍ക്ക് തുടര്‍പഠനം സാധ്യമാവും, എത്ര പേര്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ പര്യാപ്തമായ നൈപുണി ഈ പഠനത്തിലൂടെയും വിജയത്തിലൂടെയും കരഗതമായിട്ടുണ്ട്, എസ്എസ്എല്‍സി പരീക്ഷയില്‍ ജയിച്ച എല്ലാവര്‍ക്കും സെക്കന്‍ഡറി വിദ്യാഭ്യാസം വഴി ഒരാള്‍ ആര്‍ജിച്ചെടുക്കേണ്ട നിലവാരമുണ്ടോ എന്നൊക്കെ ആലോചിക്കുമ്പോഴാണ് അത്രയൊന്നും ശോഭനമായ അവസ്ഥയിലല്ല കാര്യങ്ങള്‍ എന്നു ബോധ്യപ്പെടുക.
ജയിച്ചിറങ്ങിയ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷത്തിനും തങ്ങളുടെ അഭിരുചിക്കും കഴിവിനുമൊത്ത നിലയില്‍ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവാനുള്ള അവസരങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് കുറവാണ്. എ പ്ലസും എയുമൊക്കെ നേടിയിട്ടുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് മിടുക്കോടെ മുന്നോട്ടുപോവാനുള്ള ശേഷി പലര്‍ക്കുമില്ല. പക്ഷേ, ഇപ്പോഴത്തെ നിലയനുസരിച്ച് ഡോക്ടറും എന്‍ജിനീയറുമാവാനുള്ള ആഗ്രഹവുമായാണ് രക്ഷിതാക്കള്‍ സീറ്റിന് നെട്ടോട്ടമോടുന്നത്. ഈ പൊതുബോധത്തെ ചൂഷണം ചെയ്തുകൊണ്ട് നാട്ടിലുടനീളം എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ പൊട്ടിമുളച്ചിട്ടുമുണ്ട്. പരീക്ഷാഫലം പുറത്തുവരുന്നതിനു വളരെ മുമ്പേ തുടങ്ങി, പ്രസ്തുത കേന്ദ്രങ്ങളില്‍ പ്രവേശനം. സ്‌കൂളും കോച്ചിങ് സെന്ററുമല്ലാതെ നമ്മുടെ കുട്ടികള്‍ക്ക് മറ്റൊരു ജീവിതമില്ല. രണ്ടു കൊല്ലക്കാലം ഏറക്കുറേ കഠിനമായ പഠനപരിശീലനങ്ങള്‍ക്കു വേണ്ടി വ്യര്‍ഥമാക്കി പുറത്തുവരുന്നവരില്‍ വളരെ ചുരുക്കം ചിലര്‍ക്കു മാത്രമേ മെഡിസിന് ആയാലും എന്‍ജിനീയറിങിന് ആയാലും നല്ല സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നുള്ളൂ. പക്ഷേ, എന്തു ചെയ്യും. ഒരുപാടു പേര്‍ എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം നേടി, പാതിവഴിയില്‍ പുറത്തുപോകുന്നു. തോറ്റുപോയവരോ പഠിപ്പ് പൂര്‍ത്തിയാക്കാനാവാത്തവരോ ആയ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ഒരു തലമുറ നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്നുണ്ട്. അവരാണ് പലപ്പോഴും കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്നതും സാമൂഹികപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നതും. എസ്എസ്എല്‍സിയിലെ മികച്ച വിജയത്തെക്കുറിച്ചു പറഞ്ഞ് പുളകമണിയുമ്പോള്‍ അതുളവാക്കുന്ന തുടര്‍ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചു കൂടി നാം ആലോചിക്കണം.
കുട്ടികള്‍ക്ക് കൊള്ളാവുന്ന രീതിയില്‍ മുന്നോട്ടുപോവാന്‍ സാഹചര്യങ്ങളൊരുക്കിയിട്ടുണ്ടോ നാം? ഇല്ല എന്നാണ് ഉത്തരം. അതിനാല്‍ നിലവാരമില്ലാത്തവരായി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഴിയുന്ന അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവര്‍ക്ക് നിലവിലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയേ തീരൂ. മറുവഴിയില്ലാത്ത അവസ്ഥയില്‍ അവര്‍ കൂടണയാന്‍ ഇനി വേറെങ്ങുപോകുവാന്‍?
Next Story

RELATED STORIES

Share it