kannur local

പരീക്ഷണപ്പറക്കല്‍ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്: എല്‍ഡിഎഫ്

മട്ടന്നൂര്‍: ഉമ്മന്‍ചാണ്ടിയും കൂട്ടരും കഴിഞ്ഞ അഞ്ചുവര്‍ഷം ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍നിന്ന് വിമാന സര്‍വീസ് ആരംഭിക്കാമായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ.കണ്ണൂര്‍ വിമാനത്താവള പദ്ധതിയെ തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ചും അഴിമതി മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വിമാനത്താവള പദ്ധതിപ്രദേശത്തിന്റെ പ്രധാന കവാടത്തിന് മുന്നില്‍ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തെ എല്ലാഘട്ടത്തിലും തഴഞ്ഞവരാണ് യുഡിഎഫുകാര്‍. അവരിപ്പോള്‍ വെട്ടിച്ചുരുക്കിയ റണ്‍വേയില്‍ പരീക്ഷണപ്പറക്കലെന്ന പേരില്‍ പത്താളുകള്‍ക്ക് കയറാനാകാത്ത ചെറുവിമാനമിറക്കി ഉദ്ഘാടനം നടത്തുകയാണ്.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കളി ജനം തിരിച്ചറിയും. റണ്‍വേയെന്നല്ല വിമാനത്താവളത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഭാഗികമായിപ്പോലും പൂര്‍ത്തിയായിട്ടില്ല. വിമാനത്താവളത്തിലേക്കുള്ള റോഡും നിര്‍മിച്ചിട്ടില്ല. സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണ്.
കേന്ദ്ര സിവില്‍വ്യോമയാന മന്ത്രിയെയും കണ്ണൂരിലെ എംപി മാരെയും പരിപാടിയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്രബജറ്റ് അവതരണ ദിവസം ഉദ്ഘാടനം സംഘടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.  സി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കെ ശൈലജ, എം വി ജയരാജന്‍, എ പ്രദീപന്‍, പി പി ദിവാകരന്‍, ഇ പി ആര്‍ വേശാല, അഷറഫ് പുറവൂര്‍, കെ ടി ജോസ്, പി പുരുഷോത്തമന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it