kannur local

പരീക്ഷണപ്പറക്കലിനെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കലിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുന്നില്ല. ജനുവരി ആദ്യവാരം പരീക്ഷണ പറക്കല്‍ നടക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെയായി കൃത്യമായി തിയ്യതി പോലും പ്രഖ്യാപിക്കാനാവാതെ അനിശ്ചിതത്വം തുടരുകയാണ്. വ്യോമയാന വകുപ്പിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം നേരുന്നതോടെ തിയ്യതി വീണ്ടും നീണ്ടുപോവുകയാണ്. രണ്ടു ദിവസത്തിനകം അനുമതി ലഭിക്കുമെന്ന സൂചന മാത്രമാണ് അധികൃതരില്‍ നിന്നു ലഭിക്കുന്നത്.
അനുമതി ലഭിച്ചാലുടന്‍ തിരുവനന്തപുരത്ത് കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരീക്ഷണപറക്കലിന്റെ തിയ്യതി പ്രഖ്യാപിക്കും. ഒരാഴ്ച മുമ്പ് ഡിജിസിഎ എയ്‌റോ ഡ്രോം ഇന്‍സ്‌പെക്ടര്‍ വൈ വി സുബ്രഹ്മണ്യന്‍ വിമാനത്താവളം സന്ദര്‍ശിച്ച് നടത്തിയ പരിശോധന റിപോര്‍ട്ട് വ്യോമയാന വകുപ്പിനു കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന ആഴ്ച തന്നെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കിയാല്‍ അധികൃതരും. അതേസമയം, പൊതുജനങ്ങള്‍ക്ക് പരീക്ഷണപറക്കല്‍ കാണാനുള്ള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടി കിയാലിന്റെ ഭാഗത്തു നിന്നു തുടങ്ങിയിട്ടുണ്ട്.
റണ്‍വേയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഷീറ്റ് ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. 2400 മീറ്റര്‍ റണ്‍വേയില്‍ 1500 മീറ്റര്‍ പ്രത്യേകമായി അടയാളപ്പെടുത്തിയാണ് പരീക്ഷണപറക്കല്‍ നടത്തുക. പരീക്ഷണപറക്കല്‍ ദിവസത്തെ മുഴുവന്‍ സംവിധാനങ്ങളും നിര്‍മാണ കമ്പനിയായ എല്‍ ആന്റ് ടിയാണ് വഹിക്കുക. ഏറ്റവും അടുത്തുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ വിമാനമെത്തുക. നാവികസേനയുടെ ചെറുവിമാനമായിരിക്കും വന്നിറങ്ങുക. ഇതില്‍ വിശിഷിഷ്ടാതിഥികളെ കയറ്റാനുള്ള ആലോചനയുള്ളതായാണ് കിയാല്‍ അധികൃതര്‍ നല്‍കുന്ന സൂചന. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാവും പരീക്ഷണപറക്കല്‍ നടക്കുക.
Next Story

RELATED STORIES

Share it