പരിസ്ഥിതി സംരക്ഷണ യജ്ഞവുമായി കൃഷ്ണദാസ് പലേരി

ശാഫി  തെരുവത്ത്
കാസര്‍കോട്: പ്രകൃതിയെ തൊട്ടറിഞ്ഞ് പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാമെന്നുള്ള യജ്ഞത്തിലാണ് ഗണിതാധ്യാപകനായ കൃഷ്ണദാസ് പലേരി. പഠനസമയത്തിനു ശേഷമുള്ള സമയമാണ് ഇതിനു വിനിയോഗിക്കുന്നത്. കാസര്‍കോട് ബിആര്‍സി ട്രെയിനറായി ജോലി നോക്കുന്ന ഇദ്ദേഹം പരിസ്ഥിതിയെക്കുറിച്ച് മൂന്ന് ഡോക്യുമെന്ററികള്‍ തയ്യാറാക്കിയിട്ടുണ്ട്. മലബാറിലെ നദികളെയും പ്രകൃതിഭംഗിയെയും കുറിച്ച് 1000ലധികം ഫോട്ടോകള്‍ തയ്യാറാക്കി. ഇതില്‍ നിന്നു തിരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം രണ്ടുവര്‍ഷം മുമ്പ് കവയത്രി സുഗതകുമാരി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിരുന്നു.
പരിസ്ഥിതി ബോധവല്‍ക്കരണവുമായി 100ലധികം വ്യത്യസ്തതയുള്ള ഫോട്ടോകളുമായി വിദ്യാലയങ്ങളില്‍ പ്രദര്‍ശനം നടത്തുന്നുമുണ്ട്. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിനു കഴിഞ്ഞ വര്‍ഷം 'ഹരിതമുദ്രകള്‍ കനിവുതേടുന്ന കടലാമകള്‍' എന്ന ഡോക്യുമെന്ററി തയ്യാറാക്കിനല്‍കിയിരുന്നു. കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ കീഴിലുള്ള കവ്വായി വെറ്റ്‌ലാന്‍ഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ കായലായ കവ്വായിയുടെ ചരിത്രം, സംസ്‌കാരം, ജൈവ വൈവിധ്യം, കായല്‍ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള 'കായല്‍ കഥപറയുമ്പോള്‍' ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണിപ്പോള്‍. വിക്ടറി ചാനലില്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി 'കനല്‍ പൂവ്' എന്ന ഷോട്ട് ഫിലിം തയ്യാറാക്കി. മലബാര്‍ ക്രൂസ് ടൂറിസം പിന്തുണയോടെ ഡോക്യുമെന്ററിയും തയ്യാറാക്കി.
പ്രകൃതിയെ ഏറെ സ്‌നേഹിക്കുന്ന കൃഷ്ണദാസ് നേരത്തേ തൃക്കരിപ്പൂര്‍ എളമ്പച്ചി സ്‌കൂള്‍, ആലന്തട്ട എയുപിഎസ് കയ്യൂര്‍, കുമ്പള ജിഎസ്ബിഎസ്, കൊടിയമ്മ ജിയുപിഎസ്, പേരാല്‍ ജിജെബിഎസ്, മുഗു ജിജെബിഎസ് എന്നിവിടങ്ങളില്‍ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഭാര്യ: മിനി. സാന്ദ്ര, ജഗന്‍ എന്നിവര്‍ മക്കളാണ്. ഗണിതം പഠിപ്പിക്കുന്നതിനൊപ്പം പ്രകൃതിയെ തൊട്ടറിഞ്ഞ് അതിനെ നശിപ്പിക്കുന്നവര്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും അത് സ്‌കൂളില്‍ നിന്നു തന്നെ തുടങ്ങുമ്പോള്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണദാസ് പലേരി തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it