kozhikode local

പരിസ്ഥിതി സംരക്ഷണം: ഫലവൃക്ഷങ്ങളുടെ പരിപാലനവും ഏറ്റെടുത്ത് ജലസേചന വകുപ്പ്



മുക്കം: പരിസ്ഥിതി സംരക്ഷണവും ഫലവൃക്ഷങ്ങളുടെ പരിപാലനവും ഒരു ദിവസത്തെ ദിനാചരണത്തിലൊതുക്കാതെ ചെറുകിട ജലസേചന വകുപ്പിലെ ഒരു പറ്റം ഉദ്യോഗസ്ഥര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. വകുപ്പിന് കീഴിലെ ലിഫ്റ്റ് ഇറിഗേഷന്‍ പരിസരത്തും കക്കോടിയിലെ ക്വാര്‍ട്ടേഴ്‌സിന് സമീപവും അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ത്തൈകള്‍ നട്ട് അതിന്റെ പരിചരണം അവര്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന കുറിയ ഇനം തെങ്ങിന്‍ തൈകളാണ് കക്കോടിക്ക് പുറമെ മാവൂര്‍ കണ്ണി പറമ്പ്, ചാത്തമംഗലം വെള്ളന്നൂര്‍, കൊടിയത്തൂര്‍ തറമ്മല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നട്ടത്. പരിപാലനത്തിനൊപ്പം മൂന്നു വര്‍ഷം കൊണ്ട് സര്‍ക്കാരിന് വരുമാനവും ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നു. തെങ്ങിലകടവില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായരും വെള്ളന്നൂരില്‍ ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശനും കൊടിയത്തൂര്‍ തറമ്മലില്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ചന്ദ്രനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ ഫൈസല്‍, ഓവര്‍സിയര്‍ റോയ് ജോസഫ്, കെ ഉസ്മാന്‍, പി അബു, വി സുലൈമാന്‍, മമ്മദ് കുട്ടി കുറുവാടങ്ങല്‍, യൂസഫ് പാറപ്പുറത്ത്, അബ്ദുല്ല, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടിവെള്ളക്ഷാമം രൂക്ഷമായ കഴിഞ്ഞ വേനലില്‍ കാരശേരി ഗ്രാമപ്പഞ്ചായത്തില്‍ വിവിധ ജലസ്രോതസ്സുകളില്‍ തടയണകള്‍ നിര്‍മിക്കാന്‍ നേതൃത്വം നല്‍കി ഉദ്യോഗസ്ഥര്‍ മാതൃക കാണിച്ചിരുന്നു.
Next Story

RELATED STORIES

Share it