പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പരിപാലനം; വനം വകുപ്പ് പരാജയമെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിലും സംരക്ഷിക്കുന്നതിലും വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് റിപോര്‍ട്ട്. ഇഎഫ്എല്‍ നിയമം നിലവില്‍ വന്ന് 15 വര്‍ഷം കഴിഞ്ഞിട്ടും പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ഇറക്കുവാന്‍ സാധ്യമായ ഭൂമിയുടെ ഒരു വിവരശേഖരവും വനംവകുപ്പിന്റെ കൈവശം ഇല്ലാത്തത് ഇത്തരം ഭൂമിയുടെ സംരക്ഷണത്തിനും തുടര്‍ന്നുള്ള പരിപാലനത്തിനും തടസ്സമാവുന്നതായി സിഎജി റിപോര്‍ട്ട്.
റിസര്‍വ് വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്വകാര്യ തോട്ടങ്ങള്‍ക്കു തടയിടാന്‍ വനംവകുപ്പിനു സാധിച്ചില്ലെന്നും അത്തരം ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസം ഇവിടങ്ങളിലെ ആവാസ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാണെന്നും നിയമസഭയുടെ മേശപ്പുറത്തു വച്ച സിഎജി റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കൂടാതെ തീരപ്രദേശങ്ങളില്‍ കണ്ടുവരുന്ന സമൃദ്ധവും എന്നാല്‍ ദുര്‍ബലവുമായ കണ്ടല്‍ക്കാടുകളെക്കുറിച്ച് സമഗ്രമായ വിവരശേഖരണവും കര്‍മപദ്ധതിയും ഇല്ലാത്തതിനാലും അവ തകര്‍ച്ചാ ഭീഷണിയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് കര്‍മപദ്ധതികളൊന്നും വനംവകുപ്പു തയ്യാറാക്കിയിരുന്നില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കുറേശ്ശെയായി റേഞ്ച് ഓഫിസര്‍മാര്‍ തിരിച്ചറിഞ്ഞ് ഡിഎഫ്ഒമാര്‍ക്ക് റിപോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി വിജ്ഞാപനം പുറപ്പെടുവിക്കുന്ന രീതിയില്‍ സാവധാനമാണു നടന്നുകൊണ്ടിരിക്കുന്നത്. ഫീല്‍ഡ് ഓഫിസുകളില്‍ നിന്നു വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ 2008 മുതല്‍ 18 കേസുകളിലായി 163.19 ഹെക്ടര്‍ സ്ഥലത്തെ വിജ്ഞാപനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ കസ്റ്റോഡിയന്റെ ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. റവന്യൂ വകുപ്പും വനംവകുപ്പും തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ സര്‍വേയും അതിര്‍ത്തി നിര്‍ണയവും നടത്തുന്നതിന് കാലതാമസം നേരിട്ടു.
ഇഎഫ്എല്‍ നിയമം നടപ്പായി 15 വര്‍ഷത്തിനു ശേഷവും നഷ്ടപരിഹാരം നല്‍കി ഒരൊറ്റ സ്വകാര്യ വനവും ഏറ്റെടുത്തിട്ടില്ല. ഇത്തരത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള 399.64 ഹെക്ടര്‍ സ്ഥലമാണ് ഇതുവരെ നോട്ടിഫൈ ചെയ്യാത്തത്. സൈലന്റ് വാലി പാര്‍ക്കിന് അകത്തുള്ള കെ പി എസ്റ്റേറ്റ് (141.64 ഹെക്ടര്‍), പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ പച്ചക്കാനം ഡൗണ്‍ ടൗണ്‍ (208 ഹെക്ടര്‍), നിലമ്പൂര്‍ സൗത്ത് വന ഡിവിഷനുള്ളിലുള്ള ശങ്കരങ്കോട് സ്വകാര്യ കൃഷിഭൂമി (50 ഹെക്ടര്‍) എന്നിവയാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടും ഇത്തരത്തില്‍ സ്വകാര്യ ഉടമസ്ഥരില്‍ നിന്ന് ഏറ്റെടുക്കാത്തത്. കാലതാമസമില്ലാതെ ഇഎഫ്എല്‍ നിയമപ്രകാരം ഈ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ ഫണ്ട് സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇവിടങ്ങളില്‍ ജൈവ വൈവിധ്യം പരിഗണിക്കാതെ പലതരം കൃഷികള്‍ നടത്തിയതായും കീടനാശിനികളുടെ ഉപയോഗം വ്യാപകമായി മണ്ണും ജലവും മലിനീകരിക്കപ്പെടുന്നതിന് ഇടയാക്കിയെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തി. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഭൂമിക്ക് അനധികൃതമായി എന്‍ഒസി നല്‍കിയ ഡിഎഫ്ഒയ്ക്ക് എതിരേ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപോര്‍ട്ട് കണ്ടെത്തി.
Next Story

RELATED STORIES

Share it