kannur local

പരിസ്ഥിതി ദിനാഘോഷം : ജില്ലാതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും



കണ്ണൂര്‍: സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിനാഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരുമാസം നീളുന്ന പരിപാടികളാണ് വനം-പരിസ്ഥിതി, ദാരിദ്ര്യ ലഘൂകരണ വിഭാഗം, കയര്‍ തുടങ്ങിയ വകുപ്പുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആറുലക്ഷത്തോളം വീടുകളില്‍ തൈകള്‍ വച്ചുപിടിപ്പിക്കും.ഇതിനു പുറമെ വഴിയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മരച്ചെടികള്‍ നടും. നടുന്ന മുഴുവന്‍ മരങ്ങളും സംരക്ഷിക്കാന്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് സൗജന്യമായാണ് തൈകള്‍ വിതരണം ചെയ്യുക. ഇതിനായി വനം വകുപ്പിന്റെ പെരുവ, കയരളം, പയ്യന്നൂര്‍ നഴ്‌സറികളില്‍നിന്ന് 2.75 ലക്ഷം ഫലവൃക്ഷത്തൈകള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. കൂടാതെ ഹരിതകേരള പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കടന്നപ്പള്ളി-പാണപ്പുഴ, വേങ്ങാട്, മയ്യില്‍, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളില്‍ രണ്ടുലക്ഷം മരത്തൈകളും സജ്ജമാക്കി.  ഓരോ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് തലത്തിലും പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും.  നിലവില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി, കയര്‍കൊണ്ട് നിര്‍മിച്ച ഗ്രോബാഗില്‍ ചെടികള്‍ നടുന്നതിനും ഇത്തവണ തുടക്കം കുറിക്കും. കയര്‍ വകുപ്പാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. കയര്‍ ഗ്രോബാഗില്‍ തയ്യാറാക്കിയ ചെടി നട്ടുകൊണ്ടാണ് മുഖ്യമന്ത്രി പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുക.
Next Story

RELATED STORIES

Share it