Kerala

പരിസ്ഥിതി ദിനത്തിലെ തീവെട്ടിക്കൊള്ള; 30 കൊല്ലത്തിനിടെ നട്ടുവെന്ന് പറയുന്ന15 കോടിയോളം മരങ്ങളെവിടെ?

പരിസ്ഥിതി ദിനത്തിലെ തീവെട്ടിക്കൊള്ള; 30 കൊല്ലത്തിനിടെ നട്ടുവെന്ന്  പറയുന്ന15 കോടിയോളം മരങ്ങളെവിടെ?
X

കോഴിക്കോട്: ഓരോ പരിസ്ഥിതി ദിനത്തിലും മരം നടലിന്റെ പേരില്‍ നടക്കുന്നത് വന്‍വെട്ടിപ്പെന്ന് സൂചന. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15 കോടിയോളം(14,83,9110) തൈകളാണ് വനംവകുപ്പും സാമൂഹിക വനവല്‍ക്കരണ വിഭാഗവും കൂടി വിതരണം ചെയ്തത്. ഇത്രയും മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചിരുന്നെങ്കില്‍ കേരളം ഇന്ന് വലിയൊരു വനമായി മാറുമായിരുന്നു. ഓരോ വര്‍ഷവും 10 കോടിയിലേറെ രൂപയാണ് മരം നടാനായി സര്‍ക്കാര്‍ ചെലവാക്കുന്നത്. ഈ വര്‍ഷം മൂന്നു കോടി മരം നടാനാണത്രെ സര്‍ക്കാര്‍ പദ്ധതി. നേരത്തേ നട്ട മരങ്ങളുടെ കണക്ക് പ്രകാരം 13.66 ഹെക്ടര്‍ വനം അധികമായി ഉണ്ടാവേണ്ടിയിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും കേരളത്തിന്റെ വനഭൂമി കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1985 ല്‍ പരിസ്ഥിതി ദിനാചരണം തുടങ്ങിയതു മുതല്‍ എല്ലാ വര്‍ഷവും മരം നടല്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഈ ആവശ്യത്തിന് ചെലവഴിച്ചതു 15 കോടി രൂപയാണ്. കൃഷി വകുപ്പ് 2001 മുതല്‍ തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ഫാമുകള്‍ക്കു നല്‍കിയതു 22.09 കോടി രൂപ. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഏഴു വര്‍ഷത്തിനുള്ളില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനും നട്ടുപിടിപ്പിക്കാനും അനുവദിച്ചത് 60.66 കോടി രൂപ. ഈ മരങ്ങളൊക്കെ നട്ടോ, അതില്‍ എത്രയെണ്ണം ബാക്കിയുണ്ട് എന്നൊക്കെ ചോദിച്ചാല്‍ സര്‍ക്കാരിന്റെ കൈയില്‍ യാതൊരു കണക്കുമില്ല.

മരം നടുന്നതിന് ചെലവാക്കുന്ന തുകയില്‍ വ്യക്തമായ വെട്ടിപ്പിന്റെ സൂചനകള്‍ ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മരം നട്ടുപിടിപ്പിക്കുന്നതിന് ഇന്നത്തേതിന്റെ പകുതി ചെലവ് മാത്രമുണ്ടായിരുന്ന 2001- 02 കാലയളവയില്‍ കൃഷി വകുപ്പ് 8.27 ലക്ഷം തൈകള്‍ക്കായി ചെലവഴിച്ചതു 1.62 കോടി രൂപ. ചെലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ച ശേഷം 2013-14 കാലയളവില്‍ 10.94 ലക്ഷം തൈകള്‍ക്കായി ചെലവഴിച്ചതു വെറും 71 ലക്ഷം രൂപ മാത്രം. തൊട്ടടുത്ത വര്‍ഷം വെറും 5.35 ലക്ഷം തൈകള്‍ക്കായി ചെലവഴിച്ചതു 87.78 ലക്ഷം രൂപ.

ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്കു മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വരെ സാമൂഹ്യവനവത്കരണ വിഭാഗം എല്ലാ വര്‍ഷവും തൈകള്‍ നടന്നുണ്ടെങ്കിലും പത്തിലൊന്നു പോലും സംരക്ഷിക്കപ്പെടുന്നില്ല.
Next Story

RELATED STORIES

Share it