Kottayam Local

പരിസ്ഥിതി ദിനം ഇന്ന് ; വൃക്ഷത്തൈകള്‍ വാങ്ങാന്‍ തിരക്ക്



എരുമേലി: പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ട് പ്രകൃതി സംരക്ഷണത്തിനു തുടക്കം കുറിക്കാന്‍ കാത്തിരിക്കുകയാണ് നാട്ടുകാരും വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും. കനകപ്പലം സോഷ്യല്‍ ഫോറസ്ട്രി ഓഫിസില്‍ നിന്ന് ഇന്നലെ വരെ ഒരുലക്ഷത്തോളം തൈകളാണ് വ്യക്തികളും സംഘടനകളും വാങ്ങിയത്. പനക്കച്ചിറയിലെ ഓഫിസില്‍ നിന്ന് അരലക്ഷത്തോളം തൈകള്‍ വിതരണം ചെയ്തു. ഇനി അരലക്ഷത്തോളം തൈകള്‍ വിതരണത്തിനായി സൂക്ഷിച്ചിട്ടുമുണ്ട്. ലക്ഷ്മി തരു, ആര്യവേപ്പ്, പേര, സീതപ്പഴം, തേക്ക്, മഹാഗണി, ചന്ദനം, പ്ലാവ് എന്നിവയുടെ തൈകള്‍ക്കാണ് ആവശ്യക്കാരേറെയെന്ന് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ കെ കെ സാബു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേകമായി പ്ലാവിന്റെ 7,000 തൈകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. പ്ലാവും മാവും 7,000 വീതം തൈകള്‍ ഒരുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, മാവിന്‍തൈകള്‍ തയ്യാറാക്കാനായിട്ടില്ല. പരിസ്ഥിതി ദിനാചരണത്തിനായി വിവിധ സ്‌കൂളുകള്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്തിരുന്നു. സ്‌കൂളുകളില്‍ ഓരോ കുട്ടിക്കും ഒരുതൈ വീതം നല്‍കാനായിരുന്നു പദ്ധതി. ഒപ്പം ഓരോ അധ്യാപകനും ഒരുതൈ വീതം നടണം. സ്‌കൂളിലോ സ്വന്തം വീട്ടുവളപ്പിലോ തൈകള്‍ നട്ടു ദിവസവും പരിചരിക്കണം.സ്‌കൂളുകളില്‍ തൈകള്‍ക്ക് കുട്ടികള്‍ തങ്ങളുടെ പേര് നല്‍കിയും പരിപാലിക്കാം. വിവിധ സംഘടനകളും രാഷ്ട്രീയകക്ഷികളും വൃക്ഷത്തൈ നടീല്‍ പരിപാടികള്‍ നടത്തുന്നുണ്ട്. വ്യക്തികള്‍ക്ക് 17 രൂപ നിരക്കിലും സംഘടനകള്‍ക്കും സ്‌കൂളുകള്‍ക്കും സൗജന്യമായുമാണ് തൈകള്‍ വിതരണം ചെയ്തിരുന്നത്. തേക്ക് സ്റ്റമ്പിന് ഏഴുരൂപയാണ് വില. വൈദ്യുതി ലൈനുകളുടെ കീഴിലും റോഡിന് ഭാവിയില്‍ അപകടഭീഷണിയാവുംവിധവും തൈകള്‍ നടരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Next Story

RELATED STORIES

Share it