palakkad local

പരിസ്ഥിതി കേസുകള്‍ കൂടുതല്‍ പാലക്കാട്ടെന്ന്

പാലക്കാട്: പരിസ്ഥിതി-മാലിന്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ പൗരബോധമുള്ള ജനങ്ങള്‍ പാലക്കാടു ജില്ലയിലുള്ളതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.
കമ്മീഷന്‍ സിറ്റിംഗില്‍ ലഭിച്ച 22 പുതിയ പരാതികളില്‍ ഭൂരിപക്ഷവും ജില്ലയിലെ പരിസ്ഥിതി സംബന്ധിച്ച പൊതുപരാതികളാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പരാതികള്‍ കുറവുള്ള ജില്ലയും പാലക്കാടാണ്. ഇതിനുകാരണം പൗരബോധമുള്ളവരുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ടൂറിസം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 38 കേസുകള്‍ പരിഗണിച്ചതില്‍ നാലു കേസുകള്‍ക്ക് തീര്‍പ്പുകല്പിച്ചു. മൂന്ന് കേസുകള്‍ സംബന്ധിച്ച് ഉത്തരവ് അടുത്ത സിറ്റിംഗിന് മാറ്റിവച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളിയാമ്പാറയിലെ മാലിന്യനിക്ഷേപം, പ്രദേശവാസികളായ ആദിവാസികള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാണെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രണ്ട് പരാതികള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ചുള്ളിയാര്‍ ഡാം പരിസരത്തെ കയ്യേറ്റം, കുളം നികത്തല്‍ എന്നിവ സംബന്ധിച്ചും പരാതി ലഭിച്ചിട്ടുണ്ട്. അടുത്ത സിറ്റിംഗ് മാര്‍ച്ച് ഒമ്പതിന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്തിന് സമീപമുള്ള ടൂറിസം ഗസ്റ്റ് ഹൗസില്‍ നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it