Flash News

പരിസ്ഥിതിലോല മേഖലയില്‍ മാറ്റം പാടില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ സമിതി നിര്‍ദേശിച്ച പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്നും ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവ അടങ്ങുന്ന 424 ച.കി.മീറ്റര്‍ പ്രദേശം 2017ലെ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരേ ഗോവ ഫൗണ്ടേഷനാണ് ഹരജി നല്‍കിയത്. കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിവാക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2017ലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇത് പുനഃപ്രസിദ്ധീകരിക്കാം. ട്രൈബ്യൂണലിന്റെ അനുമതി ഇല്ലാതെ മാറ്റങ്ങള്‍ പാടില്ലെന്നും ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുള്ള കാലതാമസം പശ്ചിമഘട്ട സംരക്ഷണത്തിന് ഉതകുന്നതല്ല. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ കരടു വിജ്ഞാപനത്തിന്റെ പരിധിയിലെ പ്രദേശങ്ങളില്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കരുത്. പരിസ്ഥിതിലോല മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. പശ്ചിമഘട്ട മേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രിംകോടതി തന്നെ വ്യക്തമാക്കിയ കാര്യം എടുത്തുപറഞ്ഞാണ് ട്രൈബ്യൂണല്‍ ഉത്തരവ്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിനു വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.



Next Story

RELATED STORIES

Share it