Flash News

പരിസ്ഥിതിലോല പ്രദേശങ്ങള്‍: ക്വാറികളുടെ അനുമതിക്ക് സ്റ്റേ

കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരടു പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങളിലെ ക്വാറികളുടെ പാരിസ്ഥിതികാനുമതി അപേക്ഷകള്‍ പരിഗണിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ. ഫെബ്രുവരി 20ലെ വിധിക്കെതിരേ കൂട്ടിക്കല്‍ വില്ലേജിലെ എളങ്കാട് പ്രകൃതിസംരക്ഷണ സമിതി നേതാവ് ശാര്‍ങ്ഗധരന്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചത്.
സിംഗിള്‍ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ എളങ്കാടുള്ള പെട്രോ ക്രഷേഴ്‌സിന് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരേയാണ് സിംഗിള്‍ ബെഞ്ചിനു മുന്നിലെ നടപടികളില്‍ കക്ഷിയല്ലാതിരുന്ന ശാര്‍ങ്ഗധരന്‍ അപ്പീല്‍ നല്‍കിയത്.
കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളില്‍ ഉള്‍പ്പെടുത്തി കസ്തൂരിരംഗന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് 2013ല്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 123 വില്ലേജുകളിലെ ചില സ്ഥലങ്ങള്‍ ഒഴിവാക്കി കരടു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒഴിവാക്കിയ സ്ഥലങ്ങളിലെ ക്വാറി അപേക്ഷകള്‍ പരിഗണിക്കാനാണ് പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ കരടു പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നും അന്തിമപട്ടിക വരുന്നതിനു മുമ്പ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്നുമാണ് അപ്പീലിലെ വാദം.
സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളുടെ കാര്യത്തില്‍ അന്തിമ പ്രഖ്യാപനം വരാത്തിടത്തോളം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പില്‍ പറയുന്ന ക്വാറി-ഖനന നിരോധനം പാലിക്കണം. പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് കരടു വിജ്ഞാപനപ്രകാരമുള്ള പട്ടിക അടിസ്ഥാനമാക്കി തീരുമാനമെടുക്കാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല. കരടു പട്ടികയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ക്വാറി അപേക്ഷകള്‍ പരിഗണിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി തെറ്റാണ്. കരടു വിജ്ഞാപനത്തില്‍ ഇനിയും മാറ്റം വരാം. അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇറക്കുമെന്നാണ് അറിയുന്നത്. ആ നിലയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നും ശാര്‍ങ്ഗധരന്‍ വാദിച്ചു.
Next Story

RELATED STORIES

Share it