Articles

പരിസ്ഥിതിനാശം ഗുരുതരം

പ്രഫ. കെ അരവിന്ദാക്ഷന്‍
കഴിഞ്ഞവര്‍ഷം 'ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇന്‍ഡക്‌സ്' എന്ന പേരിലൊരു റിപോര്‍ട്ട് ലോകബാങ്ക് പ്രസിദ്ധീകരിച്ചിരുന്നു. ബിസിനസ് നിക്ഷേപ സൗകര്യങ്ങളെടുത്താല്‍ ഇന്ത്യയുടെ റാങ്കിങില്‍ വലിയതോതില്‍ പുരോഗതി ഉണ്ടായിരിക്കുന്നുവെന്നാണ് ഇതില്‍ കാണുന്നത്. ലോകബാങ്കിന്റെ ഈ സൂചിക അനുസരിച്ച് ഇന്ത്യയുടെ റാങ്ക് 130ല്‍ നിന്ന് 100ലേക്ക് മാറി. ഇതിന്റെ അര്‍ഥം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മോദിഭരണത്തിനു കീഴില്‍ കൂടുതല്‍ മെച്ചപ്പെട്ട നിക്ഷേപസൗഹൃദമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നാണ്. മോദി ആരാധകരെല്ലാം ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ നിക്ഷേപസൗഹൃദമാക്കുക ലക്ഷ്യമിട്ട് നിരവധി പരിഷ്‌കാരങ്ങളും പ്രഖ്യാപിക്കുകയുണ്ടായി.
ലോകബാങ്കിന്റെ ഈ ഇന്‍ഡക്‌സിലെ കണ്ടെത്തല്‍ ശരിയോ തെറ്റോ എന്നതു സംബന്ധമായ വാദപ്രതിവാദങ്ങള്‍ ഒരുവശത്ത് നടന്നുവരുമ്പോള്‍ തന്നെ, മറ്റൊരു റിപോര്‍ട്ട് കൂടി പുറത്തുവന്നു. ഇതിന്റെ പേര് 'എന്‍വയണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് 2018' എന്നായിരുന്നു. ഇതു തയ്യാറാക്കിയത് സ്വിറ്റ്‌സര്‍ലന്‍ഡ് നഗരമായ ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ വൈഇഎല്‍ സര്‍വകലാശാലയും കൊളംബിയ സര്‍വകലാശാലയും സഹകരിച്ചായിരുന്നു. ഇതനുസരിച്ച് പ്രമുഖ നവസമ്പന്ന രാജ്യങ്ങളായ ബ്രസീലിന്റെയും ചൈനയുടെയും റാങ്കിങ് യഥാക്രമം 69ഉം 120ഉം ആണെന്ന് കാണുന്നു. പരിസ്ഥിതി സംബന്ധമായ ഈ ഇന്‍ഡക്‌സ് 24 മാനദണ്ഡങ്ങളോ അളവുകോലുകളോ കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
വിവിധ മേഖലകള്‍ സംബന്ധമായി വിവിധ ഏജന്‍സികള്‍ തയ്യാറാക്കുന്ന സൂചികകള്‍ തീര്‍ത്തും കുറ്റമറ്റതായിരിക്കണമെന്നില്ല. ചിലപ്പോള്‍ വസ്തുനിഷ്ഠമല്ലാത്ത അളവുകോലുകള്‍ ഉപയോഗിക്കപ്പെടുകയും ചെയ്‌തേക്കാം. എന്നിരുന്നാലും ഇന്ത്യക്കനുകൂലമായി പുറത്തുവരുന്ന സൂചികകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ഏതെങ്കിലുമൊരു സൂചിക ഇന്ത്യക്ക് പ്രതികൂലമാണെന്ന് കാണുമ്പോള്‍ അത് അവഗണിക്കുന്നത് ശരിയോ തെറ്റോ എന്നുകൂടി പരിശോധിക്കപ്പെടേണ്ടതല്ലേ? ഏതായാലും എന്‍വയണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സിന്റെ കാര്യത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ വക കാണുന്നില്ല. മാത്രമല്ല, ഈ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയുടെ 120ാം റാങ്കിലും താഴെയുമാണ്. ഇതില്‍ ന്യായമായും ആശങ്കപ്പെടേണ്ടതാണ്.
യാഥാര്‍ഥ്യം ഇതാണെങ്കിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ ഒട്ടേറെ ലക്ഷ്യപ്രഖ്യാപനങ്ങള്‍ നടത്തിവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2015 ഡിസംബറില്‍ പുറത്തുവന്ന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, 2018 ജനുവരി മുതല്‍ കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള ഉല്‍പാദനശാലകള്‍ കര്‍ശനമായ പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ്. ഇതിലേറെ കാര്‍ക്കശ്യത്തോടെ 2020 ഏപ്രില്‍ ഒന്നു മുതല്‍ പരിസ്ഥിതി മലിനീകരണ സ്വഭാവമുള്ള വാതകം പുറന്തള്ളുന്ന ഉല്‍പാദന കേന്ദ്രങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് ഊര്‍ജ റിന്യൂവബിള്‍ ഊര്‍ജമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വായു-പരിസര മലിനീകരണം തീര്‍ത്തും ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2030 ആവുന്നതോടെ വൈദ്യുതോര്‍ജം വിനിയോഗിക്കുന്ന വാഹനങ്ങളുടെ നിര്‍മാണവും വിനിയോഗവും മാത്രമേ രാജ്യത്തൊട്ടാകെ അനുവദിക്കുകയുള്ളൂ എന്നും കേന്ദ്ര ഊര്‍ജ മന്ത്രാലയ വിജ്ഞാപനം അറിയിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ സൗരോര്‍ജത്തിന്റെ വര്‍ധിച്ചതോതിലുള്ള വിനിയോഗം പ്രചരിപ്പിക്കാനും പ്രായോഗികമാക്കാനും ഫലപ്രദമായ നടപടികളും ഉണ്ടാവും. നാഷനല്‍ സോളാര്‍ മിഷന്‍ ഇതിലേക്കായി 2021-22 ആവുന്നതോടെ സൗരോര്‍ജശേഷി 20 ജിഡബ്ല്യുവില്‍ നിന്ന് 100 ജിഡബ്ല്യു വരെയായി ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണത്രേ. കേന്ദ്രസര്‍ക്കാര്‍ നേരിട്ടുതന്നെയാണ് സ്വന്തം നിലയില്‍ ഗംഗാ മലിനീകരണം തടയാനും ഗംഗാ നദീജലത്തെ ശുദ്ധീകരിക്കാനും തയ്യാറാക്കിയിരിക്കുന്ന പദ്ധതി 2018ല്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി സുപ്രിംകോടതിയെ അറിയിച്ചിട്ടുള്ളത്. നടന്നാല്‍ നല്ലത്.
ഇത്രയും കാര്യങ്ങള്‍ പരിശോധനാ വിധേയമാക്കിയതോടെ ഒരു വസ്തുത വ്യക്തമായി. കേന്ദ്രസര്‍ക്കാരിന് പ്രശ്‌നത്തിന്റെ ഗൗരവസ്വഭാവം വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുഴപ്പം, ലക്ഷ്യങ്ങളും അവ നടപ്പാക്കുന്നതിന് ആവശ്യമായ നയപരിപാടികളും തമ്മിലുള്ള അന്തരമാണ്. കൃത്യമായ ലക്ഷ്യം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നൊരു മേഖല സൗരോര്‍ജ മേഖല മാത്രമാണ്. ഇവിടെയും 2021-22 ആവുമ്പോഴേക്ക് മാത്രമായിരിക്കും കാര്യങ്ങള്‍ വ്യക്തമാക്കപ്പെടുന്നത്. അതേസമയം, ഊര്‍ജോല്‍പാദന കേന്ദ്രങ്ങളില്‍ നിന്നു പുറന്തള്ളുന്ന വിഷമാലിന്യങ്ങളും വാതകങ്ങളും 2017 ഡിസംബര്‍ മാസത്തോടെ ഇല്ലാതാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ മുറപോലെ നടന്നുവരുന്നുണ്ട്.
മറ്റൊന്ന്, വൈദ്യുതോര്‍ജം അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ സാര്‍വത്രികമാക്കുമെന്ന ലക്ഷ്യപ്രഖ്യാപനമാണ്. വാഹനനിര്‍മാണ വ്യവസായത്തിന്റെ വക്താക്കള്‍ തറപ്പിച്ചുതന്നെ പറഞ്ഞിട്ടുള്ളത്, 2047നു മുമ്പ് ഈ ലക്ഷ്യത്തിലെത്തുക അപ്രായോഗികമാണെന്നാണ്. ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയിലെ യൂനിറ്റുകള്‍, വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങളില്‍ നിന്നുമുള്ള 30 ശതമാനം പാഴ്‌വസ്തുക്കള്‍ ഓരോ വര്‍ഷവും ശേഖരിക്കണമെന്ന വ്യവസ്ഥ 10 ശതമാനത്തിലേക്ക് താഴ്ത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ്. ഈ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുമെന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തേ സൂചിപ്പിച്ച ഗംഗാനദീജല ശുദ്ധീകരണ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ മോദി സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പാവാന്‍ സാധ്യത വിരളമാണെന്ന് 2017ലാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിലയിരുത്തിയിരിക്കുന്നതെന്ന വസ്തുത കൂടി ഓര്‍ക്കുന്നതു നന്നായിരിക്കും. പദ്ധതി പൂര്‍ത്തീകരണം ഈ വര്‍ഷമാണല്ലോ യാഥാര്‍ഥ്യമാവേണ്ടത്. സിഎജിയുടെ നിരീക്ഷണം പണം വിനിയോഗിക്കുന്നതില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചയെ തുടര്‍ന്നുമാണ്.
ഇത്തരം വീഴ്ചകള്‍ അവഗണിക്കുന്നത് അഭിലഷണീയമാണോ? ഇതെല്ലാം വികസനത്തിനു നല്‍കേണ്ടിവരുന്ന ചെലവ് എന്ന നിലയില്‍ എഴുതിത്തള്ളാന്‍ കഴിയുമോ? ഈ ചോദ്യങ്ങള്‍ക്ക് നിഷേധരൂപത്തിലുള്ള പ്രതികരണം മാത്രമേ നടത്താന്‍ സാധ്യമാവൂ. കാരണം, ഈ ചെലവ് അത്രയേറെ ഉയര്‍ന്നതോതിലാണെന്നതു തന്നെ. സമീപകാലത്ത് ലോകബാങ്കും അമേരിക്കയിലെ സിയാറ്റില്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന യൂനിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ എന്ന സ്ഥാപനവും ചേര്‍ന്ന് വെളിവാക്കിയത് ഇന്ത്യയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്നൊരു വിവരമാണ്. വായുമലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്നത് 1.4 ദശലക്ഷം അകാലമരണങ്ങളാണെന്നാണ്. ഇതിന്റെ ഫലമായി 2013ല്‍ മാത്രം വെല്‍ഫെയര്‍ ഇനത്തില്‍ ജിഡിപിയുടെ എട്ടുശതമാനം നഷ്ടമുണ്ടായി.
തൊഴില്‍ശേഷി വിനിയോഗത്തില്‍ നേരിട്ട നഷ്ടമോ? ജിഡിപിയുടെ 0.84 ശതമാനവും. ഈ വിവരങ്ങള്‍ മറ്റുതരത്തിലുള്ള പരിസ്ഥിതിനാശങ്ങളുടെ വിവരങ്ങള്‍ വെളിവാക്കുന്നില്ലെന്നു മാത്രമല്ല, ഇതുസംബന്ധമായ കണക്കുകൂട്ടലുകളും വേണ്ടത്ര കൃത്യതയോ വസ്തുനിഷ്ഠതയോ ശാസ്ത്രീയാടിസ്ഥാനമുള്ളതോ ആണെന്ന് കരുതാനും നിര്‍വാഹമില്ല. ഇക്കോളജിക്കല്‍ നാശനഷ്ടങ്ങള്‍ക്കു വ്യത്യസ്തമായ മാനങ്ങളുണ്ടെന്ന് നമുക്കറിയാം. ഇതില്‍ ഒരു ഭാഗം മാത്രമേ സമ്പന്നവര്‍ഗത്തിന്റെ വികസന താല്‍പര്യങ്ങളെ നേരിട്ടു ബാധിക്കുന്നവയായി കണക്കാക്കാന്‍ കഴിയൂ. ഭൂരിഭാഗവും പാവപ്പെട്ട ജനതയെ ബാധിക്കുന്നതാണ്. ഇതിനൊന്നും വേണ്ടത്ര പരിഗണന അധികാരിവര്‍ഗത്തില്‍ നിന്ന് ലഭിക്കുന്നുമില്ല. ഇതാണ് ഇന്നത്തെ പൊതുസ്ഥിതി. ി

(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it