kozhikode local

പരിസരം വൃത്തിഹീനമായി വയ്ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

മുക്കം: മുക്കം നഗരസഭയില്‍ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് ശുചിത്വ ജാഗ്രതാ പദ്ധതിക്ക് തുടക്കമായി. നഗരസഭയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചാ വ്യാധികള്‍ പടരുന്ന പശ്ചാത്തലത്തിലാണ് ശുചീകരണ നടപടികള്‍ ഊര്‍ജിതമാക്കിയുള്ള പദ്ധതി ആരംഭിച്ചത്. 50 വീടുകള്‍ക്ക് രണ്ട് ശുചിത്വ വൊളന്റിയര്‍മാര്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തികള്‍ നടത്തും. വീട്, സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരം വൃത്തിഹീനമായി വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എസ്റ്റേറ്റുകളിലും പുരയിടങ്ങളിലും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് നഗരസഭാ-സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നഗരസഭാ സെക്രട്ടറിയുടെ അധികാരം വിട്ടുകൊടുത്തിട്ടുണ്ട്.  വെള്ളപ്പൊക്കം മൂലം മലിനമായ കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കും. നാല് ദിവസത്തിന് ശേഷം കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കും.
അതിനായി മൊബൈല്‍ ക്ലിനിക് സംവിധാനമേര്‍പ്പെടുത്തും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ എല്ലാ വീടുകളിലെയും കുടിവെള്ളത്തിന്റെയും പരിശുദ്ധി ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. കുടുംബശ്രീ-ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പൊതുസ്ഥലങ്ങളിലും വീടുകളിലും പരിശോധന നടത്തുക.
ശുചിത്വ ജാഗ്രത ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്കുള്ള പരിശീലനം നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പ്രശോഭ് കുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ആലിക്കുട്ടി, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഹരീദമോയിന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ടി ശ്രീധരന്‍, എന്‍ ചന്ദ്രന്‍, വി ലീല, സാലി സിബി സംസാരിച്ചു.
Next Story

RELATED STORIES

Share it