palakkad local

പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് വകുപ്പ്

പാലക്കാട്: വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് വകുപ്പ്. ലഹരിക്ക് അടിമപ്പെടാന്‍ സാധ്യതയുള്ള കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി തിരുത്തുവാനുള്ള നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി  എക്‌സൈസ് കമ്മീഷണര്‍ ഓഫീസര്‍ ജേക്കബ് ജോണ്‍ അറിയിച്ചു.
സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ നിരന്തരമായി പരിശോധന നടത്തും. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 21 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുവാക്കളേയും  വിദ്യാര്‍ത്ഥികളേയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വിമുക്തി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
സ്‌കൂള്‍, കോളെജുകള്‍ ലക്ഷ്യമാക്കിയാണ് വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ ‘എനിക്ക് പറയാനുള്ളത്’ നാടകം സ്‌കൂള്‍, കോളെജ് പൊതുസ്ഥലങ്ങളിലായി 76 ഇടങ്ങളില്‍ അവതരിപ്പിച്ചു. ഏഴ് മുനിസിപ്പാലിറ്റികള്‍, 13 ബ്ലോക്ക് പഞ്ചായത്ത്, 86 ഗ്രാമ പഞ്ചായത്ത് എന്നിവിടെ രൂപീകരിച്ച വിമുക്തി 144 സ്‌കൂളുകളിലും 13 കോളേജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.
562 ബോധവല്‍ക്കരണ ക്ലാസുകള്‍ സ്‌കൂളികളില്‍ മാത്രം നടത്തിയിട്ടുണ്ട്. പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ശക്തമായ ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിവിധ ഊരുകളിലെ യുവതി യുവാക്കള്‍ക്ക് നല്‍കുന്ന പരിശീലനം തുടരും.
ജില്ലയിലെ പ്രധാന ആഘോഷങ്ങള്‍, യുവജനോത്സവങ്ങള്‍, എക്‌സിബിഷനുകള്‍, എന്നീ പരിപാടികളില്‍ സജ്ജമാക്കിയ ബോധവത്കരണ സ്റ്റാളുകള്‍ മുഖേന വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും അവബോധം നല്‍കും. ലഹരി ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാന്‍ വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it