malappuram local

പരിശോധന പൂര്‍ത്തിയായില്ല; റണ്‍വേ തുറക്കല്‍ വൈകും

കരിപ്പൂര്‍: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടും അടച്ചിട്ട റണ്‍വേ 2,850 മീറ്റര്‍ ഏപ്രില്‍ നാലിന് തുറക്കില്ല. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിമാനകമ്പനികളുടെ സഹായത്തോടെ സുരക്ഷാപരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയുടെ റിപോര്‍ട്ട് അതോറിറ്റി ആസ്ഥാനത്തേക്കും തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും(ഡിജിസിഎ) അയച്ചിരിക്കുകയാണ്.
ഇരുസ്ഥലങ്ങളില്‍ നിന്നും അനുമതി ഇതുവരെ ലഭിക്കാത്തതിനാല്‍ റണ്‍വേയുടെ മുഴുവന്‍ നീളവും ഉപയോഗിക്കാനിവില്ല. 2,850 മീറ്റര്‍ റണ്‍വേയിലും സുരക്ഷാപരിശോധന നടത്തി ഏപ്രില്‍ നാലോടെ റണ്‍വേ പൂര്‍ണമായി തുറന്നുകൊടുക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. 2,850 മീറ്ററുളള റണ്‍വേയില്‍ 2,450 മീറ്ററാണ് നിലവില്‍ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നത്.
ഡിജിസിഎയുടെ അനുമതി ലഭിക്കാതെ മുഴുവന്‍ ഭാഗങ്ങളും ഉപയോഗിക്കാനാവില്ല. രണ്ട് പാളികളായിട്ടാണ് ഇപ്പോള്‍ ടാറിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റണ്‍വേയിലുണ്ടായിരുന്ന കുഴികള്‍ മുഴുവന്‍ നികത്തുകയും ടേണിങ് പാഡില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.
നാലു പാളികളായിട്ടുളള ടാറിങ് അവസാനിച്ചാലേ റണ്‍വേ നവീകരണം പൂര്‍ത്തിയാവുകയുളളു. അതിനിടെ റണ്‍വേ തുറന്നു നല്‍കിയാല്‍ ഹജ്ജ് സര്‍വീസ് അടക്കം ആരംഭിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതു ഒഴിവാക്കാനാണു നിലവിലെ ശ്രമമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it