ernakulam local

പരിശോധന തുടര്‍ക്കഥയാവുമ്പോഴും കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു



കൊച്ചി: സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ കളമശ്ശേരി നഗരസഭാ പ്രദേശത്ത് 65ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെടുകയും പല വാര്‍ഡുകളിലും മഞ്ഞപ്പിത്തം പലര്‍ക്കും പുതുതായി പിടിപെടുകയും ചെയ്തിട്ടും ആരോഗ്യവിഭാഗം പകച്ചുനില്‍ക്കുന്നു. പകര്‍ച്ചവ്യാധികള്‍ പകരാന്‍ ഏറെ സാധ്യതയുള്ള ബാര്‍ബര്‍ ഷോപ്പുകളില്‍ ഇതുവരെ പരിശോധനകള്‍ കര്‍ശനമായി നടത്തിയിട്ടില്ല. ഹോട്ടലുകളില്‍ മാത്രം പരിശോധന ഒതുക്കുമ്പോള്‍ നഗരസഭയുടെ കാനയിലൂടെ കക്കൂസ് മാലിന്യങ്ങളും കരിഓയില്‍ ഉള്‍പെടെ പരസ്യമായി ഒഴുക്കിയിട്ടും ആരോഗ്യവിഭാഗം നിസംഗതപാലിച്ചിരിക്കുകയാണ്. ദേശീയപാത ടിവിഎസ് കവലയില്‍ നഗരസഭ മെട്രോ നിര്‍മാതാക്കളെക്കൊണ്ട് കാന ശുചീകരണം നടത്തിയപ്പോള്‍ കാനയിലൂടെ മലിനജലവും കരിഓയിലും പരസ്യമായി ഒഴുക്കുകയാണ്. കാനകള്‍ പൂര്‍ണമായും കരിഓയില്‍ നിറഞ്ഞ സ്ഥിതിയിലാണ്. കാനയുടെ ഒരു ഭാഗം മണ്ണുനിറഞ്ഞ് ഒഴുക്കുനിലച്ചതിനാല്‍ മഴ ശക്തമാവുന്നതോടെ ഈ മാലിന്യങ്ങള്‍ ദേശീയപാതയിലൂടെ ഒഴുകി മുട്ടാര്‍പുഴയില്‍ എത്തുകയാണ് പതിവ്. ഇതിനെതിരേ നഗരസഭയും ആരോഗ്യവിഭാഗവും ഇതുവരെ നടപടിയെടുത്തിട്ടില്ല. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുകയും ഇതില്‍ വീഴ്ചവന്ന കടകളാണ് ഭൂരിഭാഗവും അടപ്പിച്ചത്. നഗരസഭയില്‍നിന്നും ലൈസന്‍സ് വാങ്ങിയ ഭൂരിഭാഗം കടക്കാരും കടകളില്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കുന്ന നടപടി പാലിക്കുന്നില്ല. തട്ടുകടകളിലും ശീതളപാനീയകടകളിലും പരിശോധന കര്‍ശനമാക്കുകയും വന്‍കിട ഹോട്ടലുകളില്‍ നാമമാത്രമായ പരിശോധനയാണ് നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ട പല കടകളും പരിശോധനയില്‍നിന്നും ഒഴിവാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം വാര്‍ഡുള്‍പെടെ കളമശ്ശേരി നഗരസഭയിലെ ഭൂരിഭാഗം വാര്‍ഡുകളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ട ബോധവല്‍ക്കരണം നടത്താന്‍ നഗരസഭയുടെ ഭാഗത്തുനിന്നും വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍പോലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിട്ടും കാര്യക്ഷമമായ ചര്‍ച്ചപോലും നടന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചില കടകള്‍ മാത്രം തിരഞ്ഞുപിടിച്ച് പരിശോധന നടത്തുകയാണെന്നും അത് നല്ല കീഴ് വഴക്കമല്ലെന്നും ഭരണകക്ഷി അംഗങ്ങള്‍ പോലും കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കളമശ്ശേരി നഗരസഭയില്‍ പകര്‍ച്ചവ്യാധിക ള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍പോലും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നിലവില്‍ 42 വാ ര്‍ഡുകളിലേക്കായി പരിശോധനയ്ക്ക് പോവാന്‍ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. സ്ഥലംമാറിപോയവര്‍ക്ക് പകരം പുതിയ ഉദ്യോഗസ്ഥരെ നഗരസഭയില്‍ എത്തിക്കാന്‍ വേണ്ടത്ര നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it