palakkad local

പരിശോധനയ്ക്കു തടസ്സം : ചെക്‌പോസ്റ്റിന് മുന്നിലെ പെട്ടിക്കടകള്‍ പൊളിച്ചുമാറ്റി



പാലക്കാട്: വാണിജ്യനികുതി ചെക്‌പോസ്റ്റ് പരിസരത്തെ കുടില്‍ കച്ചവടങ്ങള്‍ക്കായുള്ള പെട്ടികടകള്‍ ഒടുവില്‍ പൊളിച്ചു നീക്കി. ചന്ദ്രാപുരം മുതല്‍ ചെക്‌പോസ്റ്റിന്റെ പ്രധാന കവാടം വരെയുള്ള 13 കടകളാണ് ഒഴിപ്പിച്ചത്. ഇവയില്‍ പലതും മുപ്പതു വര്‍ഷത്തിലധികമായി ചെക്‌പോസ്റ്റ് പരിസരത്ത് കച്ചവടം തുടരുന്നവയാണ്. ആറുമാസം മുന്‍പ് ചെക്‌പോസ്റ്റ് സന്ദര്‍ശിച്ച മന്ത്രി തോമസ് ഐസക് പെട്ടികടകളും ചായക്കടകളും തന്റെ സന്ദര്‍ശനം പൂര്‍ത്തിയായ ഉടന്‍ പൊളിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പിന്നീട് കച്ചവടക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാനായില്ല. ദേശീയപാതയുടെ അഴുക്കുചാലിനു മുകളിലാണ് ഇവ കെട്ടിപൊങ്ങിച്ചിരുന്നത്. വാണിജ്യ നികുതി ചെക്‌പോസ്റ്റില്‍ പരിശോധന പോലും തടസ്സപ്പെടുത്തുന്ന വിധത്തിലായിരുന്നു ഇവയുടെ പ്രവര്‍ത്തനമെന്നും പലതവണ വിമര്‍ശമുയര്‍ന്നിരുന്നു. പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടായാല്‍ മാത്രമേ ഇവിടെ നിന്നു മാറുകയുള്ളുവെന്നാണ് കച്ചവടക്കാര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് വീണ്ടും പരാതി ഉയര്‍ന്നു. ദേശീയപാത കയ്യേറിയുള്ള ഇത്തരം സ്ഥാപനങ്ങള്‍ പരിശോധനയും ഉദ്യോഗസ്ഥരുടെ ജോലിയും തടസ്സപ്പെടുത്തുന്നെന്നായിരുന്നു ആരോപണം. തുടര്‍ന്ന്‌വില്ലേജ് ഓഫിസറെയും പഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപികരിക്കാനും കച്ചവടക്കാരുമായി ധാരണയിലെത്താനും കലക്ടര്‍ നിര്‍ദേശിച്ചു. കച്ചവടക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസും  ഉദ്യോഗസ്ഥ സംഘം എത്തിച്ചു നല്‍കി. തുടര്‍ന്നാണ് കച്ചവടക്കാരുടെ കൂടി സഹകരണത്തോടെ ദേശീയ പാത അതോറിറ്റിയും പൊലീസും റവന്യു-വില്ലേജ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കുടിലുകള്‍ പൊളിച്ചുമാറ്റിയത്.
Next Story

RELATED STORIES

Share it