Flash News

പരിശോധനയും നടപടിയും ഇല്ല : വ്യാജ മരുന്നുകള്‍ വിപണിയില്‍



എം വി വീരാവുണ്ണി

പട്ടാമ്പി: മെഡിക്കല്‍ സ്‌റ്റോറുകളില്‍ പരിശോധനയോ നടപടിയോ ഇല്ലാത്തതിനാല്‍ വ്യാജ മരുന്നുകള്‍ സംസ്ഥാനവ്യാപകമായി വിറ്റഴിക്കുന്നതായി പരാതി. ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ (എന്‍പിപിഎ) പരിശോധയോ അംഗീകാരമോ ഇല്ലാതെ 200ല്‍ പരം പുതിയ മരുന്നുകള്‍ പുറത്തിറക്കിയ കമ്പനി അധികൃതര്‍ക്കെതിരേയാണ് ഡോക്ടര്‍മാരുടെയും രോഗികളുടെയും പരാതി. നിയമങ്ങളുടെ പിന്‍ബലമില്ലാതെ അനധികൃതമായി 65 കമ്പനികളാണ് ഇത്തരം മരുന്നുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ആല്‍കെം, അബോട്ട് ഹെല്‍ത്ത് കെയര്‍, ബയോകോണ്‍, കാഡില, റെഡ്ഡി സര്‍ക്കാര്‍ ലബോറട്ടറീസ്, നൊവാഡിസ് ഇന്ത്യ, ലുപിന്‍, റാന്‍ബക്‌സി തുടങ്ങിയ വന്‍കിട മരുന്ന് നിര്‍മാണ കമ്പനികള്‍ക്കാണ് ദേശീയ ഔഷധ വിലനിയന്ത്രണ സമിതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കഴിഞ്ഞ മാസം നോട്ടീസ് നല്‍കിയത്. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും മരുന്നുനിര്‍മാണക്കമ്പനികളുടെ സംഘടനകള്‍ക്കും നോട്ടീസിന്റെ പകര്‍പ്പ് ലഭിച്ചതായി അസോസിയേഷന്‍ പ്രതിനിധികള്‍ സ്ഥിരീകരിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് ഓരോരുത്തര്‍ക്കും വെവ്വേറെ അയച്ചില്ലെന്നു മാത്രം. എന്നാല്‍, ഈ കമ്പനികള്‍ക്കെല്ലാം നോട്ടീസിന്റെ പകര്‍പ്പ് ലഭിച്ചെങ്കിലും അത് വേണ്ടത്ര ഫലം ചെയ്തില്ലെന്നാണു വിലയിരുത്തല്‍. പുതിയ മരുന്നുകള്‍ നിയമവിരുദ്ധമായി പുറത്തിറക്കി എന്നാണ് നോട്ടീസില്‍ കാണിച്ചിട്ടുള്ളതെന്നാണ് ദേശീയ ഔഷധ വിലനിയന്ത്രണ സമിതിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞത്. മുമ്പ് നിരോധിച്ചിരുന്ന ഫിക്‌സഡ് ഡോസ് കോംപിനേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒന്നിലധികം മരുന്നുചേരുവകള്‍ ഒറ്റ ഗുളികയാക്കി നിര്‍മിച്ച് പുറത്തിറക്കുന്ന പരിപാടിയാണിത്. 2013ല്‍ മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തിറങ്ങിയ ഔഷധ വിലനിയന്ത്രണ ഉത്തരവ് പ്രകാരമുള്ള നിയമങ്ങളും നിര്‍ദേശങ്ങളും പുതിയ മരുന്നുകളുമായി ബന്ധപ്പെട്ട് കമ്പനികള്‍ പാലിക്കുന്നില്ല. മരുന്നുകളുടെ ചേരുവകളോ വീര്യമോ കൂട്ടിയാലോ കുറച്ചാലോ അത് പുതിയ മരുന്നായാണ് കണക്കാക്കുന്നത്. ഇത്തരം മരുന്നുകളുടെ ബാച്ച് നമ്പര്‍ കൃത്യമായിരിക്കില്ല. മരുന്നുകളിലെ ചേരുവകളെ പറ്റിയുള്ള വിവരങ്ങളും വിശ്വാസയോഗ്യമായിരിക്കണമെന്നില്ല. ഈ മരുന്നുകള്‍ മറ്റു മരുന്നുകളുടെ അഭാവത്തില്‍ മാത്രമാണിപ്പോള്‍ ഉപയോഗിക്കുന്നതെങ്കിലും ഡോക്ടര്‍മാരുടെയും രോഗികളുടെയും ആശങ്ക മാറുന്നില്ല. എത്രയും വേഗത്തില്‍ പരിഹാരം കാണണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം.
Next Story

RELATED STORIES

Share it