ernakulam local

പരിശീലകര്‍ക്ക് ഗുരുദക്ഷിണയായി ട്രിപ്പിള്‍ നേട്ടം സമര്‍പ്പിച്ച് ഐശ്വര്യ

കൊച്ചി: തന്റെ പ്രതിഭയെ തേച്ചുമിനുക്കിയ രണ്ടു പരിശീലകര്‍ക്കും പി ആര്‍ ഐശ്വര്യ പകരം ഗുരുദക്ഷിണ സമര്‍പ്പിച്ചത് തന്റെ ആദ്യ ട്രിപ്പിള്‍ നേട്ടത്തിലൂടെയാണ്.
ഹാമര്‍ത്രോയിലും ട്രിപ്പിള്‍ജംപിലും റെക്കോഡ് നേട്ടത്തോടെ സ്വര്‍ണം നേടിയതോടെ ഫീല്‍ഡിലെയും ജംപിങ് പിറ്റിലെയും താരത്തിളക്കമായി കോതമംഗലം മാതിരപ്പിള്ളി ജിവിഎച്ച്എസ് സ്‌കൂളിലെ ഈ പത്താം ക്ലാസുകാരി മാറി.
മേളയുടെ ആദ്യദിനമായ വ്യാഴാഴ്ച്ച ലോങ്ജംപിലും മികച്ചദൂരം കണ്ടെത്തി ഐശ്വര്യ സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യ പെണ്‍താരമെന്ന നേട്ടവും ഐശ്വര്യയ്ക്ക് സ്വന്തമായി. ജംപിങ് ഇനങ്ങളില്‍ പ്രഫ. പി എ ബാബുവിനു കീഴില്‍ പരിശീലിക്കുന്ന ഐശ്വര്യയെ ഹാമര്‍ത്രോയില്‍ ഔസേപ്പ് സാറാണ് പരിശീലിപ്പിക്കുന്നത്. ട്രിപ്പിള്‍ജംപില്‍ 11.96 മീറ്റര്‍ ചാടിയായിരുന്നു റെക്കോഡ് നേട്ടം.
മാര്‍ബേസിലിന്റെ എസ് അപര്‍ണ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച 11.6 മീറ്ററിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ഹാമര്‍ത്രോയില്‍ ഐശ്വര്യയുടെ മികവിന് മുന്നില്‍ സംസ്ഥാന റെക്കോഡിന് പോലും മങ്ങലേറ്റു. 38.78 മീറ്റര്‍ ദൂരത്തേക്ക് ഐശ്വര്യയുടെ ഹാമര്‍ വന്നു പതിച്ചപ്പോള്‍ 33.83 മീറ്ററിന്റെ ജില്ലാ റെക്കോഡും 36.06 മീറ്ററെന്ന സംസ്ഥാന റെക്കോഡും മറികടക്കുന്ന പ്രകടനമായി അത് മാറി.
ഇടുക്കി മറയൂര്‍ പനച്ചിപറമ്പില്‍ റിസോര്‍ട്ട് ജീവനക്കാരനായ പ്രതീഷിന്റെയും രേഷ്മയുടെയും മകളായ ഐശ്വര്യ കഴിഞ്ഞ വര്‍ഷമാണ് മാതിരപ്പിള്ളി സ്‌കൂളില്‍ ചേരുന്നത്. മികച്ച പരിശീലകര്‍ക്ക് കീഴില്‍ തന്റെ പ്രതിഭ തേച്ചുമിനുക്കി തുടങ്ങിയതോടെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും ഹാമര്‍ ത്രോയില്‍ വെങ്കലവും നേടി വരവറിയിച്ച താരം റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ ട്രിപ്പിള്‍ജംപിലും വെള്ളി നേടി.
ഇന്നലെ റെക്കോഡ് നേട്ടത്തോടെ രണ്ടിനങ്ങളിലും കരിയറിലെ മികച്ച ദൂരം കണ്ടെത്താനും ഐശ്വര്യക്ക് കഴിഞ്ഞു. സംസ്ഥാന മീറ്റിലും ഈ സുവര്‍ണനേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യ.
Next Story

RELATED STORIES

Share it