പരിയാരം: 15 പിജി കോഴ്‌സുകളുടെ അംഗീകാരം റദ്ദാക്കി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ആകെയുള്ള 17 പിജി കോഴ്‌സുകളില്‍ 15 എണ്ണത്തിന്റെയും അംഗീകാരം മെഡിക്ക ല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ കോളജില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായതിനാലാണു അംഗീകാരം റദ്ദാക്കിയത്. നിലവില്‍ കമ്മ്യൂണിറ്റി മെഡിസിന്‍, ഫിസിയോളജി കോഴ്‌സുകള്‍ക്കു മാത്രമാണു അംഗീകാരമുള്ളത്. ക്ലിനിക്കല്‍ വകുപ്പുകളിലെ 15 കോഴ്‌സുകള്‍ക്കും അംഗീകാരം നഷ്ടപ്പെട്ടതോടെ നിരവധി വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച് ആശങ്കയുയര്‍ന്നതിനാല്‍ ഒരുവിഭാഗം പിജി വിദ്യാര്‍ഥികള്‍ ഫീസ് അടയ്ക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം, ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ 12 വിദ്യാര്‍ഥികളെ ക്ലാസില്‍നിന്നു പുറത്താക്കുകയും ചെയ്തു. എംസിഐ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത മാനേജ്‌മെ ന്റ് നിലപാടിലും വിദ്യാര്‍ഥികളെ പുറത്താക്കിയതിലും പ്രതിഷേധിച്ച് പിജി ഡോക്്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തി. അത്യാഹിത വിഭാഗത്തിലെയും ലേബര്‍ റൂമിലെയും ജോലികള്‍ മാത്രം ചെയ്ത് മറ്റു ജോലികളി ല്‍ നിന്നെല്ലാം മാറിനിന്നാണു പണിമുടക്കിയത്. 2011-12 കാലയളവിലാണ് പരിയാരത്ത് പിജി കോഴ്‌സുകള്‍ അനുവദിച്ചത്. ഇതിനുശേഷം ആവശ്യമായ സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എംആര്‍ഐ സ്‌കാനിങ്, ഇഇജി മെഷിനുകള്‍ പോലുമില്ല. സീനിയര്‍ ഫാക്കല്‍റ്റികളില്ലെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ 32 വിദ്യാര്‍ഥികളാണ് പിജി അവസാന വര്‍ഷത്തിലുള്ളത്. ആകെ 96 പേരാണ് പിജിക്കു പ്രവേശനം നേടിയത്. വിദ്യാര്‍ഥികളില്‍ നിന്നു ഫീസ് ഇനത്തില്‍ മാത്രം 50 കോടിയിലേറെ രൂപ മാനേജ്‌മെന്റ് വാങ്ങിയിട്ടുണ്ട്. ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും ഫീസ് മുഴുവന്‍ അടച്ചിട്ടുണ്ട്. കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച ആശങ്കയുയര്‍ന്നതോടെയാണ് ചിലര്‍ ഫീസടക്കാതിരുന്നത്. പരിയാരത്തു നിന്ന് എംബിബിഎസും പിജിയും ചെയ്ത് മികച്ച റാങ്കോടെ വിജയിച്ചവര്‍ക്കു പോലും കോഴ്‌സിന് അംഗീകാരമില്ലെന്നു പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളെജില്‍ നിയമനം നല്‍കാതിരുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞവര്‍ഷം കോഴ്‌സ് പൂ ര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന മിന്നല്‍ പരിശോധനകള്‍ക്കു മുമ്പായി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പിജി ഡോക്ടര്‍മാരുടെ ആവശ്യം. മാനേജ്‌മെന്റ് അടിയന്തര സ്വീകരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരത്തൊടൊപ്പം നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിജി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഫീസ് അടച്ചില്ലെന്ന ആരോപണം തെറ്റാണെന്ന രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. നേരത്തേ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ എംസിഐ നിര്‍ദേശിച്ച കുറവുകള്‍ പരിഹരിച്ച ശേഷം ഫീസ് അടയ്ക്കാമെന്നു ധാരണയില്‍ എത്തിയിരുന്നു. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പിജി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് എട്ടുമാസമായി പിടിച്ചുവച്ചിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പിജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജിതിന്‍ ബിനോയ്, ഡോ. എം ജുനൈസ്, ഡോ. മുഹമ്മദ് ഷാഫി, ഡോ. അനുപമ ആനിശ്ശേരി, ഡോ. അഖിലാ മോഹന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it