kannur local

പരിയാരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

കണ്ണൂര്‍: ശമ്പളവും ഡിഎയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തില്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ സൂചനാ പണിമുടക്ക് നടത്തി. 200 ഓളം ഡോക്ടര്‍മാരാണ് കഴിഞ്ഞ മാസത്തെ ശമ്പളവും ഡിഎയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തിയത്.
തുടര്‍ന്ന് കഴിഞ്ഞ മാസത്തെ ശമ്പളം വൈകീട്ടോടെ ലഭിച്ചെങ്കിലും ഡിഎയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റ്റയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. ജീവനക്കാരെ തരംതിരിച്ച് ശമ്പള വിതരണം നടത്തുന്ന മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് നേരത്തെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസവും സമാനരീതിയില്‍ ശമ്പളം വൈകിപ്പിച്ചിരുന്നു.
അപ്പോഴും മറ്റു ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. ഇത്തവണയും ഡോക്ടര്‍മാര്‍ക്കുള്ള ശമ്പളം ലഭിക്കാന്‍ വൈകിയതോടെയാണ് ആംസ്റ്റയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. എങ്കിലും അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്നു. ശമ്പളവും ഡിഎയും ഉടന്‍ അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകീട്ടോടെ മാര്‍ച്ച് മാസത്തെ ശമ്പളം ലഭ്യമാക്കിയത്. സാമ്പത്തിക ഞെരുക്കമാണെന്നും കാരുണ്യ ബെനവലന്റ് ഫണ്ട് കിട്ടാനുണ്ടെന്നുമെല്ലാം പറഞ്ഞാണ് ഡോക്ടര്‍മാരുടെ ശമ്പളം പിടിച്ചുവയ്ക്കുന്നത്. ഡിഎ വിതരണം ചെയ്തിട്ട് രണ്ടു വര്‍ഷത്തിലേറെയായി.
വിദ്യാര്‍ഥികള്‍ ഫീസടക്കാത്തതിനെത്തുടര്‍ന്ന് ആറു കോടിയോളം രൂപ മെഡിക്കല്‍ കോളജിന് ലഭിക്കാനുണ്ട്. കൂടാതെ കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ നല്‍കിയ ചികില്‍സയിനത്തില്‍ കോടികള്‍ കോളജിന് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ജീവനക്കാരെ തരംതിരിച്ച് ശമ്പള വിതരണം നടത്തുന്ന മാനേജ്‌മെന്റ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഎംഎസ്ടിഎ പ്രസിഡന്റ് ഡോ. ബിജോയ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it