പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍; നിര്‍ണായക മന്ത്രിസഭാ യോഗം നാളെ

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യം നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാനിരിക്കെ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്. മെഡിക്കല്‍ കോളജ് സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിനു സമര്‍പ്പിച്ച മുഴുവന്‍ റിപോര്‍ട്ടുകളും യോഗത്തില്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
മന്ത്രിസഭാ ഉപസമിതിയുടെ റിപോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് സര്‍ക്കാര്‍ തത്വത്തില്‍ ഏറ്റെടുത്തിട്ടും ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള സഹകരണ കമ്മീഷന്റെ തീരുമാനം യുഡിഎഫിന്റെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഈ മാസം 20ന് പരിയാരം പബ്ലിക് സ്‌കൂളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക നല്‍കാതെ യുഡിഎഫ് ഇതിനകം ബഹിഷ്‌കരിച്ചിട്ടുണ്ട്. ഇതോടെ നിലവില്‍ ഭരണത്തിലുള്ള സിപിഎം നിയന്ത്രിത പാനലിന് എതിരില്ല. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജ് സമ്പൂര്‍ണമായി ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായാല്‍ ഭരണസമിതി തിരഞ്ഞെടുപ്പ് നടപടികള്‍ സ്വാഭാവികമായും റദ്ദാവും.
ഇതുസംബന്ധിച്ച് യുഡിഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ സങ്കീര്‍ണമാവുമെന്നാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉള്‍പ്പെടെ വിവിധ വകുപ്പ് തലവന്‍മാര്‍ നല്‍കിയ റിപോര്‍ട്ട്. സാമ്പത്തിക ബാധ്യത തന്നെയാണ് പ്രധാന വെല്ലുവിളി. 1174 കോടിയുടെ ആസ്തിയുള്ള മെഡിക്കല്‍ കോളജിന് ഏകദേശം 1230 കോടിയുടെ ബാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്.
ജീവനക്കാരുടെ ബാഹുല്യമാണ് മറ്റൊരു പ്രശ്‌നം. മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടപ്രകാരം പരിയാരത്ത് ജീവനക്കാരുടെ എണ്ണം കൂടുതലാണ്. വേണ്ട ജീവനക്കാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കേണ്ടി വരും. യോഗ്യതയ്ക്കനുസരിച്ച് തസ്തിക പുനര്‍നിര്‍ണയം നടത്തി പ്രതിസന്ധി മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍, വിവിധ വകുപ്പുകളുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം സുപ്രധാന തീരുമാനമെടുക്കല്‍ അപ്രായോഗികമായതിനാല്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല.
Next Story

RELATED STORIES

Share it