പരിയാരം മെഡിക്കല്‍ കോളജ്:ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ ലോകോത്തര നിലവാരമുള്ള കാന്‍സര്‍ സെന്ററായ എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപന കര്‍മം കോഴിക്കോട് ചൂലൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
എംവിആര്‍ കാന്‍സര്‍ സെന്ററിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടങ്ങിയതെല്ലാം പൊന്നാക്കിയിട്ടുള്ള നേതാവാണ് എം വി രാഘവന്‍. അദ്ദേഹം തുടക്കം കുറിച്ച പരിയാരം മെഡിക്കല്‍ കോളജ് നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അധികം വൈകാതെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഉത്തരവ് അടുത്ത് തന്നെ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ താന്‍ എതിരല്ലെന്ന് മന്ത്രി സി എന്‍ ബാല കൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ പേര് എം വി രാഘവന്റെ പേരിലേക്ക് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാന്‍സര്‍ സെന്റര്‍ എന്നതിലുപരി മികച്ച ഗവേഷണ കേന്ദ്രം കൂടിയായിരിക്കും എംവിആര്‍ കാന്‍സര്‍ സെന്ററെന്ന് ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു.
ചടങ്ങില്‍ റേഡിയേഷന്‍ ബ്ലോക്ക്, പാലിയേറ്റീവ് ബ്ലോക്ക്, കമ്മ്യൂണിറ്റി സെന്റര്‍, സ്റ്റാഫ് ബ്ലോക്ക്, സര്‍വീസ് ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം മന്ത്രിമാരായ സി എന്‍ ബാലകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ ജി സുധാകരന്‍, പി ടി എ റഹീം, എം കെ രാഘവന്‍ എംപി എന്നിവര്‍ നിര്‍വഹിച്ചു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കെയര്‍ ഫൗണ്ടേഷനാണ് എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സ്ഥാപകര്‍.
കെയര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ഐഷ ഗുഹ്‌രാജ്, സി പി ജോണ്‍, ലളിതാംബിക ഐഎഎസ്, കെ സി അബു, വി കെ സി മമ്മദ് കോയ, ടി വി ബാലന്‍, ജി നാരായണന്‍ കുട്ടി, കെ പി രാജന്‍, മുക്കം മുഹമ്മദ്, സി വീരാന്‍കുട്ടി, സി പി ഹമീദ്, വടേരി ബഷീര്‍, അഡ്വ. എം വീരാന്‍ കുട്ടി, അഡ്വ. പി ശങ്കരന്‍, എം സി മായിന്‍ഹാജി, മനയത്ത് ചന്ദ്രന്‍, റസാഖ് മാസ്റ്റര്‍, യു സി രാമന്‍, കൃഷ്ണന്‍ കോട്ടുമല, കെ മൊയ്തീന്‍ കോയ, ടി പി ബാലകൃഷ്ണന്‍ നായര്‍, കെ ഇ രാജഗോപാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it