kannur local

പരിയാരം മെഡിക്കല്‍ കോളജ് ഭൂമി സ്വകാര്യവ്യക്തിക്ക് നല്‍കിയത് വിവാദത്തില്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളജിന് അവകാശമില്ലാത്ത ഭൂമിയില്‍നിന്ന് ഒരുഭാഗം സ്വകാര്യവ്യക്തിക്ക് മറിച്ചുനല്‍കിയത് വിവാദത്തില്‍. മെഡിക്കല്‍ കോളജ് ഭരണസമിതിയാണ് 15 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും ഭൂമി സ്വകാര്യ വ്യക്തിക്ക് സ്ഥാപനം തുടങ്ങാന്‍ വിട്ടുനല്‍കിയത്. വ്യവസായ പ്രമുഖനായിരുന്ന സാമുവല്‍ ആറോണ്‍ നല്‍കിയ ഭൂമിയിലാണ് മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്നത്.
ഈ ഭൂമി സൗജന്യ ചികില്‍സ ഉറപ്പുവരുത്തുന്ന ആശുപത്രി സംവിധാനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് തന്റെ വില്‍പത്രത്തില്‍ സാമുവല്‍ ആറോണ്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനു വിരുദ്ധമായി ചികില്‍സയ്ക്കും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഫീസ് ഈടാക്കുന്നതിനെതിരേ മെഡിക്കോ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്ത് ഹൈക്കോടതിയെ സമീപിക്കുകയും  ഭൂമി വിട്ടുകൊടുത്ത ഉടമ്പടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.   ഇതോടെ 119 ഏക്കര്‍ ഭൂമിയില്‍ കെട്ടിടങ്ങളുടെ അവകാശം മാത്രമേ മെഡിക്കല്‍ കോളജ്് ഭരണസമിതിക്ക് ഉള്ളൂ.
എന്നാല്‍ ഹൈക്കോടതി ഉത്തരവിനു ശേഷവും ഭൂമിക്ക് കടന്നപ്പള്ളി, പാണപ്പുഴ, വില്ലേജ് ഓഫിസില്‍ നികുതി അടക്കുകയും വില്ലേജ് ഓഫിസ് നികുതി സ്വീകരിക്കുകയും ചെയ്തു. ഇതിനെതിരേ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.
ഇതോടെ വര്‍ഷങ്ങളായി ഭൂനികുതി മെഡിക്കല്‍ കോളജ് അടക്കാറില്ല.ഭൂമി ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലാണ്. വയോധികരെ പ്രകൃതി ജീവനം അഭ്യസിപ്പിക്കാനും ആയുര്‍വേദ നഴ്‌സറി സ്ഥാപിക്കാനുമാണെന്നു പറഞ്ഞാണ് ഭൂമി നല്‍കിയത്.
Next Story

RELATED STORIES

Share it