പരിയാരം മെഡിക്കല്‍ കോളജ്; ഭരണസമിതി പിരിച്ചുവിടല്‍ ഒഴിവാക്കിയേക്കും

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള ഭരണസമിതി പിരിച്ചുവിടാതെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നീക്കം. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്താതെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലൂടെ സര്‍ക്കാര്‍ മേഖലയിലാക്കാന്‍ ധാരണയായതായാണു സൂചന. ഭരണം നടത്തുന്ന സി.പി.എമ്മും സര്‍ക്കാരും തമ്മിലുണ്ടായേക്കാവുന്ന സംഘര്‍ഷം ഒഴിവാക്കാനാണിത്. സി.പി.എം. നേതാവ് എം വി ജയരാജന്‍ ചെയര്‍മാനായ ഭരണസമിതിയുടെ കാലാവധി ജനുവരി ഒമ്പതിന് അവസാനിക്കുകയാണ്. ഇതിനുമുമ്പ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി രണ്ടാംവാരം അധികാരക്കൈമാറ്റം നടക്കണം. ഇതിന് അനുമതി നല്‍കാതെ ഭരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാക്കാനുള്ള ശ്രമമാണു നടന്നുവരുന്നത്.

ഈ മാസം ആദ്യം നടന്ന കോളജ് ഭരണസമിതി യോഗം തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 20ന് മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂളില്‍വച്ച് തിരഞ്ഞെടുപ്പ് നടത്താനാണു നിര്‍ദേശിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സഹകരണവകുപ്പ് പച്ചക്കൊടി കാണിച്ചിട്ടില്ലെന്നാണ് അറിയുന്നത്. 4000ത്തോളം അംഗങ്ങളാണ് ഇപ്പോല്‍ സൊസൈറ്റിയില്‍ ഉള്ളത്. 80 ശതമാനവും സി.പി.എം. അനുഭാവികളായതിനാല്‍ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ഭയക്കുന്നില്ല. ഏകപക്ഷീയ വിജയം അവര്‍ ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനു നില്‍ക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനു കീഴില്‍ സ്ഥാപനം കൊണ്ടുവരാനാണ് സഹകരണവകുപ്പിന്റെ നീക്കം. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനു കീഴില്‍ അയോഗ്യരായി കണ്ടെത്തിയവരെയും സഹകരണ ചട്ടപ്രകാരമല്ലാതെ നിയമനം ലഭിച്ചവരെയും ഒഴിവാക്കാന്‍ എളുപ്പമാണെന്നും യു.ഡി.എഫ്. കരുതുന്നു.

ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാമെന്ന കണക്കുകൂട്ടലാണ് ഇതിനുപിന്നില്‍. സഹകരണ മന്ത്രിയുടെ മൃദുസമീപനവും ധനവകുപ്പിന്റെ ഉടക്കുമാണ് ഏറ്റെടുക്കല്‍ തീരുമാനം വൈകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നത്. ഇതിനിടെ ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള കണക്കെടുപ്പ് കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു. ഇതേപ്പറ്റിയുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും ഭാവിനടപടികള്‍ പുരോഗമിക്കുക.
Next Story

RELATED STORIES

Share it